പ്രതിദിന യാത്രക്കാർ പതിനായിരം പിന്നിട്ട് വാട്ടർമെട്രോ; ഞായറാഴ്‌ച യാത്ര ചെയ്‌തത് 11556 പേർ

Share our post

കൊച്ചി: പ്രതിദിന യാത്രക്കാർ പതിനായിരം പിന്നിട്ട് കൊച്ചി വാട്ടർമെട്രോ. ഞായറാഴ്ച മാത്രം കൊച്ചി വാട്ടർമെട്രോയിൽ 11556 പേർ യാത്ര ചെയ്തു.

പൂർണമായും സുരക്ഷിതവും വികസിതരാജ്യങ്ങളിലേതിന് സമാനമായ യാത്ര ഉറപ്പ് നൽകുകയും ചെയ്യുന്ന കൊച്ചി വാട്ടർമെട്രോ മറ്റൊരു റെക്കോർഡ് തീർത്തിരിക്കുകയാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

ആദ്യദിനത്തിൽ 6559 പേരാണ് യാത്ര ചെയ്തതെങ്കിൽ ഇന്നലെ ഒരു ദിവസം മാത്രം അതിന്റെ ഇരട്ടിയോളം പേർ യാത്ര ചെയ്തുവെന്ന കണക്കാണ് പുറത്ത് വരുന്നത്.

പുതിയ ജട്ടികളും ബോട്ടുകളും വരുന്നതോടെ ഗണ്യമായ വർധനവ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും വാട്ടർമെട്രോ കൊച്ചിയും കേരളവും ഇതിനോടകം തന്നെ ഏറ്റെടുത്തെന്ന് ഉറപ്പിക്കുന്നതാണ് ഓരോ ദിവസവും വർധിച്ചുവരുന്ന ഈ കണക്കുകളെന്നും മന്ത്രി പറഞ്ഞു.

മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയും പരമാവധി 40 രൂപയുമാണ് വാട്ടർ മെട്രോയുടെ ടിക്കറ്റ് നിരക്ക്. ഹൈക്കോടതി– വൈപ്പിൻ റൂട്ടിൽ എപ്പോഴും തിരക്കുണ്ട്‌.

രാവിലെയും വൈകിട്ടും മൂന്നുവീതം ട്രിപ്പുള്ള വൈറ്റില റൂട്ടിൽ വൈകിട്ട്‌ വൻതിരക്കാണ്‌. കൂടുതൽ ബോട്ടുകൾ എത്തിയാൽ ട്രിപ്പ്‌ കൂട്ടാനാകും.

എങ്കിലും നിലവിലെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി വൈറ്റിലയിൽനിന്ന്‌ വൈകിട്ടുള്ള സർവീസ്‌ അടുത്തയാഴ്‌ചയോടെ വർധിപ്പിച്ചേക്കും.

രാവിലെ എട്ടിനുശേഷം ഒന്നരമണിക്കൂർ ഇടവേളയിലാണ്‌ വൈറ്റിലയിൽനിന്നുള്ള സർവീസ്‌. കാക്കനാട്ടുനിന്ന്‌ രാവിലെ 8.40നാണ്‌ ആദ്യ സർവീസ്‌.

വൈകിട്ട്‌ 3.30ന്‌ വൈറ്റിലയിൽനിന്നും 4.10ന്‌ കാക്കനാട്ടുനിന്നും സർവീസ്‌ തുടങ്ങും. തുടർന്ന്‌ ഒന്നരമണിക്കൂർ ഇടവേളയുണ്ടാകും.

ഹൈക്കോടതി– വൈപ്പിൻ റൂട്ടിൽ രാവിലെ ഏഴുമുതൽ രാത്രി എട്ടുവരെ 15 മിനിറ്റ്‌ ഇടവേളയിലാണ്‌ സർവീസ്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!