‘ഗ്രാമശ്രീ’യിലൂടെ വീടുകളിലും സമ്പാദ്യം വളരുന്നു

കണ്ണൂർ: മുണ്ടയാട് കോഴി ഫാമിൽ ഒരുമാസം വിരിയിക്കുന്നത് അരലക്ഷം കുഞ്ഞുങ്ങളെ. എഗ്ഗർ നഴ്‌സറികൾ വഴി വിതരണം ചെയ്യാനാണ് ആഴ്‌ചയിൽ 13,000 കുഞ്ഞുങ്ങളെ വിരിയിക്കുന്നത്. അയ്യായിരം കോഴികളുടെ മാതൃശേഖരമാണിവിടെ ഉള്ളത്.
ഇവിടെനിന്നും വിരിയിച്ച് വിതരണം ചെയ്യുന്ന ഗ്രാമശ്രീ ഇനത്തിലുള്ള കോഴിക്കുഞ്ഞുങ്ങളിലൂടെ വീടുകളിൽ സമ്പാദ്യവും വളരുന്നുണ്ട്. ഒരു വർഷം 180 മുട്ടകൾ ലഭിക്കുന്ന കോഴിയുടെ ഇറച്ചിക്കും നല്ല സ്വാദാണ്. അസോളയും മുരിങ്ങയിലയും കഴിക്കുന്ന കോഴിയുടെ ഇറച്ചിക്കും ആവശ്യക്കാർ ഏറെ. പൂവന് അഞ്ച് രൂപ, പിടയ്‌ക്ക് 25 രൂപ ഇനംതിരിക്കാത്തവയ്‌ക്ക് 22 രൂപ എന്നിങ്ങനെയാണ് ഒരുദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളുടെ വില.
ജില്ലയിലെ 23 എഗ്ഗർ നഴ്‌സറികൾ വഴി കുത്തിവയ്‌പുൾപ്പെടെ എടുത്ത പ്രതിരോധശേഷ ആർജിച്ച 45 ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങൾ ലഭിക്കും. പ്രത്യേകം പരിശീലനം നേടിയവരാണ് എഗ്ഗർ നഴ്‌സറികൾ വഴി കോഴിക്കുഞ്ഞുങ്ങളെ വിൽപ്പന നടത്തുന്നത്.
സ്‌കൂളുകളിലെ പൗൾട്രി ക്ലബ്ബുകൾ വഴി കുട്ടികൾക്കും കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നുണ്ട്. പിടിഎയുടെ നേതൃത്വത്തിൽ ചില സ്‌കൂളുകളും കുട്ടികൾക്കായി കോഴിക്കുഞ്ഞുങ്ങളെ ഏറ്റെടുത്ത് വിതരണം ചെയ്യുന്നു.
മുണ്ടയാട് മേഖലാ കോഴി വളർത്തൽ കേന്ദ്രത്തിൽനിന്നും ഒരു ദിവസം പ്രായമായ ഗ്രാമശ്രീ ഇനത്തിൽപ്പെട്ട കോഴിക്കുഞ്ഞുങ്ങളെ ലഭിക്കും.
0497 2721168 നമ്പറിൽ രജിസ്റ്റർ ചെയ്യണം. എഗ്ഗർ നഴ്‌സറികളിൽനിന്നും 45 മുതൽ 60 ദിവസം പ്രായമായ കോഴികളെ 130 രൂപയ്‌ക്ക് ലഭിക്കും. പരിചരണത്തിൽ വേണം ശ്രദ്ധ സുഷിരങ്ങളുള്ള കാർഡ് ബോർഡ് പെട്ടികളിലേ കൊണ്ടുപോകാവൂ.
വീട്ടിലെത്തിയ ഉടൻ കുടിക്കാൻ ഗ്ലൂക്കോസ് ചേർത്ത തണുപ്പിച്ച വെള്ളം നൽകണം. ഗ്രോവർ കോഴിത്തീറ്റ മാത്രം നൽകി ഫാമിൽ വളർത്തിയതിനാൽ കുറച്ചു ദിവസം ഇതു തന്നെ നൽകുക. കുറച്ചു ദിവസത്തിന് ശേഷം തീറ്റ ക്രമത്തിൽ മാറ്റം വരുത്തുക.
ക്രമേണ തീറ്റപ്പുല്ലുകൾ, അസോള, മുരിങ്ങയില തുടങ്ങിയവ ഉൾപ്പെടുത്തി തീറ്റച്ചെലവ് കുറക്കാം. കോഴികൾക്ക് മറ്റ് അസുഖങ്ങൾ വരുന്നെങ്കിൽ അസുഖം വന്നവയെ ഉടൻ മറ്റു കോഴികളിൽനിന്നും മാറ്റി നിർത്തണം. മരുന്ന് മൃഗാശുപത്രിയിൽനിന്നും വാങ്ങണം.
അസുഖം വന്ന് കോഴി ചത്ത് പോകുകയാണെങ്കിൽ ഉടൻ തന്നെ മൃഗാശുപത്രിയിൽ എത്തിച്ച് പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കേണ്ടതും രോഗനിർണയത്തിന് അനുസരിച്ച് മരുന്ന് മറ്റുള്ള കോഴികൾക്ക് നൽകുകയും വേണം.