കണ്ണൂർ: ശുചീകരണ വിഭാഗത്തിൽ മതിയായ ജീവനക്കാരില്ലാത്തത് ജില്ലാ ആസ്പത്രിയിലെ മാലിന്യ നിർമാർജനം താളം തെറ്റിക്കുന്നു.ഗ്രേഡ് 1, ഗ്രേഡ് 2 തസ്തികയിൽ നിയമിക്കപ്പെടുന്നവരാണ് ആസ്പത്രിയിലെ വാർഡ് ശുചീകരണ പ്രവർത്തനങ്ങൾ ചെയ്യുന്നത്.
രണ്ട് വിഭാഗത്തിലുമായി 74 ജീവനക്കാർ വേണ്ട സ്ഥാനത്ത് ഇപ്പോൾ 66 പേർ മാത്രമാണുള്ളത്. ഗ്രേഡ് 2 തസ്തികയിലാണ് കഴിഞ്ഞ ഒന്നര വർഷത്തോളമായി ഒഴിവുകൾ നികത്താതെ കിടക്കുന്നത്.1968ലെ ജില്ലാ ആസ്പത്രിയുടെ വലുപ്പവും രോഗികളുടെ എണ്ണവും പരിഗണിച്ചുള്ള സ്റ്റാഫ് പാറ്റേൺ പ്രകാരമാണ് ഇപ്പോഴും നിയമനം നടത്തുന്നത്.
കാലാനുസൃതമായി ആസ്പത്രി സൗകര്യങ്ങളിൽ വന്നിട്ടുള്ള മാറ്റത്തിന് ആനുപാതികമായി ശുചീകരണ തൊഴിലാളികളെ നിയമിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. സ്‌പെഷ്യാലിറ്റി വിഭാഗം ഉൾപ്പെടെ വന്നതിന്റെ അടിസ്ഥാനത്തിൽ ഡോക്ടർമാരുടേയും നഴ്സുമാരുടേയും ഉൾപ്പെടെ വാർഡുകളുടെ എണ്ണം വരെ വർദ്ധിച്ചിരുന്നു.
ഈ സാഹചര്യത്തിലും 55 വർഷം മുൻപുള്ള മാനദണ്ഡപ്രകാരമാണ് ശുചീകരണ മേഖലയിൽ ജീവനക്കാരെ നിയമിക്കുന്നത്. ഇതിന്റെ ഇരട്ടിയോളം പേരെ ആവശ്യമായ സ്ഥാനത്താണ് മാനദണ്ഡ പ്രകാരമുളള ജീവനക്കാരെ പോലും നിയമിക്കാതിരിക്കുന്നത്.
ശസ്ത്രക്രിയാ വാർഡുകളിൽ ഉൾപ്പെടെയുള്ള മുഴുവൻ വാർഡുകളുടേയും ശുചീകരണമാണ് ഗ്രേഡ് 2 തസ്തികയിലുള്ളവരുടെ പ്രധാന ജോലികൾ. ജീവനക്കാരുടെ എണ്ണം കുറവായതിനാൽ ഈ പ്രവർത്തനങ്ങൾ ശരിയാംവണ്ണം നടക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. ജീവനക്കാരുടെ കുറവ് കാരണം നിലവിലുള്ളവർക്ക് അമിത ജോലിഭാരമാണെന്നും ഇവർക്ക് എല്ലായിടത്തും എത്താൻ സാധിക്കുന്നില്ലെന്നും പറയുന്നു.
ശുചിമുറികൾ ഉൾപ്പെടെ ദിവസവും വൃത്തിയാക്കാണമെന്നിരിക്കെ കൃത്യമായി ശുചീകരണം നടത്താൻ സാധിക്കുന്നില്ലെന്നും ജീവനക്കാർ വ്യക്തമാക്കുന്നു.മഴക്കാലം ദുരിതമാകുംവരാനിരിക്കുന്നത് മഴക്കാലമായതിനാൽ പകർച്ചവ്യാധി രോഗങ്ങൾ വർദ്ധിക്കാനുള്ള സാധ്യത കൂടുതലുണ്ടായിട്ട് പോലും ശുചീകരണ വിഭാഗത്തിലേക്ക് താത്കാലിക നിയമനം നടത്താൻപോലും അധികൃതർ തയാറായിട്ടില്ല.
നിലവിലെ ജീവനക്കാരിൽ എട്ടുപേർക്കു മൂന്നുമാസം മുമ്പ് സ്ഥലംമാറ്റം ലഭിച്ചിട്ടുണ്ട്. എന്നാൽ പകരം ജീവനക്കാരെ നിയമിക്കാത്തതിനാൽ അവരെ ഇതുവരെ വിട്ടയച്ചിട്ടില്ല. ഗ്രേഡ് 1 തസ്തികയിലേക്ക് ഗ്രേഡ് 2 വിൽ നിന്ന് പ്രമോഷൻ നടത്തുമ്പോഴും ഗ്രേഡ് 2വിൽ ഒഴിവുകൾ വരുന്നുണ്ട്.
തരംതിരിക്കൽ വലിയൊരു പണിആശുപത്രി മാലിന്യങ്ങൾ വേർതിരിക്കുന്നതിനൊപ്പം രോഗികളുടേയും കൂട്ടിരിപ്പുകാരുടേയും ഭക്ഷണാവശിഷ്ടങ്ങൾ തരംതിരിക്കലും ഇവർ തന്നെയാണ് ചെയ്യുന്നത്. ഭക്ഷണാവശിഷ്ടങ്ങൾ പേപ്പറുകൾ, പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവ വെവ്വേറെയാക്കണം.
പേപ്പറും പ്ലാസ്റ്റിക്കും രണ്ടു പച്ചകവറുകളിലായി കെട്ടി വയ്ക്കണം. ഇതു കന്റോൺമെന്റ് ജീവനക്കാർ കൊണ്ടുപോകും. എന്നാൽ ജീവനക്കാരുടെ അഭാവം മൂലം ഭക്ഷണവും പേപ്പറും ഒരു കവറിൽ നിക്ഷേപിക്കേണ്ടി വരാറുണ്ട്. അങ്ങനെയുള്ള അവശിഷ്ടങ്ങൾ കന്റോൺമെന്റ് ജീവനക്കാർ ശേഖരിക്കില്ല. ഇത്തരത്തിൽ ആഴ്ചകളോളം പഴക്കമുള്ള അവശിഷ്ടങ്ങൾ ആശുപത്രി വരാന്തയിൽ കെട്ടികിടക്കുന്നതും പതിവ് കാഴ്ചയാണ്.