ആസ്പത്രിയിൽ നഴ്സിനുനേരേ ആസിഡ് ആക്രമണം; ഭർത്താവ് കസ്റ്റഡിയിൽ

പുനലൂർ: താലൂക്ക് ആസ്പത്രിയിൽ അത്യാഹിതവിഭാഗത്തിലെ നഴ്സിനുനേരേ ആസിഡ് ആക്രമണം. ചങ്ങനാശ്ശേരി സ്വദേശി നീതു(32)വിനു നേരേയാണ് ആക്രമണമുണ്ടായത്.
മുഖത്തും കണ്ണിനും പൊള്ളലേറ്റ നീതുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ്, വെട്ടിക്കവല സ്വദേശിയായ ബിബിൻരാജിനെ പുനലൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച വൈകീട്ട് അഞ്ചോടെ ആസ്പത്രിക്കു മുന്നിലായിരുന്നു സംഭവം. ഏതാനും നാളുകളായി നീതുവും ഭർത്താവുമായി പിണങ്ങിക്കഴിയുകയാണെന്ന് പോലീസ് പറയുന്നു.
ഇവർക്ക് രണ്ടു മക്കളുണ്ട്. നീതുവിന്റെ പക്കലുണ്ടായിരുന്ന, മക്കളുടെ ആധാർ കാർഡ് വാങ്ങാനാണ് ബിബിൻ ആസ്പത്രിയിൽ എത്തിയതത്രേ.
കുപ്പിയിൽ കരുതിയിരുന്ന ആസിഡ് സിറിഞ്ചിലേക്കു മാറ്റിയശേഷം മുഖത്തേക്ക് ചീറ്റിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.