വീട്ടുകാർ സിനിമയ്ക്കു പോയ നേരം വാതിൽ തകർത്ത് 27 പവൻ കവർന്നു

കൊല്ലം: വീട്ടുകാർ സിനിമയ്ക്കുപോയനേരം വാതിൽ തകർത്ത് 27 പവന്റെ സ്വർണാഭരണങ്ങൾ കവർന്നു. തേവള്ളി ഗൗരിശിവത്തിൽ അഭിഭാഷകനായ ധീരജ് രവിയുടെ വീട്ടിലാണ് വെള്ളിയാഴ്ച രാത്രി മോഷണം നടന്നത്.
രാത്രി കുടുംബം ചിന്നക്കടയിലെ തിയേറ്ററിൽ സെക്കൻഡ്‌ഷോ കാണാൻപോയ സമയത്തായിരുന്നു മോഷണം. ഒൻപതുമണിയോടെ പുറപ്പെട്ട വീട്ടുകാർ 12.15-ഓടെ തിരികെയെത്തി ബെഡ്‌റൂം പരിശോധിച്ചപ്പോഴാണ് മോഷണവിവരമറിയുന്നത്.
പോകുന്നതിനുമുമ്പ് അടച്ചുപൂട്ടിയിരുന്ന ബെഡ്‌റൂം, തുറന്നിട്ടനിലയിലായിരുന്നു. വസ്ത്രങ്ങളും വാരിവലിച്ചിട്ടിരുന്നു. ഇരുമ്പലമാര കുത്തിത്തുറന്ന് ലോക്കറും തകർത്താണ് ആഭരണങ്ങൾ കവർന്നത്.
മുൻവശത്തെയും അടുക്കളയുടെയും കതകുകൾ അടഞ്ഞുതന്നെ കിടന്നിരുന്നതിനാൽ മോഷ്ടാവ് അകത്തുതന്നെയുണ്ടെന്ന് കരുതി വെസ്റ്റ് പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി നടത്തിയ പരിശോധനയിൽ മുകളിലെ വാതിൽ കുത്തിപ്പൊളിച്ച് തുറന്നിട്ടിരിക്കുന്നതാണ് കണ്ടത്.
ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധ എന്നിവരെത്തി പരിശോധന നടത്തി. സ്ഥിരം മോഷ്ടാക്കൾ നിരീക്ഷണത്തിലാണെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും വെസ്റ്റ് പോലീസ് പറഞ്ഞു.