മുഖ്യമന്ത്രിയുടെ യു.എ.ഇ യാത്രയ്‌ക്ക് അനുമതി നൽകാതെ വിദേശകാര്യ മന്ത്രാലയം; കാരണം അറിയിച്ചില്ലെന്ന് പൊതുഭരണവകുപ്പ്

Share our post

തിരുവനന്തപുരം: അടുത്തമാസം ആദ്യമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനത്തിന് ഇതുവരെ അനുമതി നൽകാതെ വിദേശകാര്യ മന്ത്രാലയം. അബുദാബി സർക്കാരിന്റെ പരിപാടിയിൽ പങ്കെടുക്കാനാണ് മേയ് ഏഴിന് മുഖ്യമന്ത്രി അബുദാബിയിൽ എത്തേണ്ടത്. മേയ് ഏഴ് മുതൽ പത്ത് വരെയാണ് മുഖ്യമന്ത്രിയുടെ യുഎഇയിലെ പരിപാടികൾ.

അബുദാബി സർക്കാർ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിലും പല സംഘടനകൾ നടത്തുന്ന പരിപാടികളിലുമാണ് മുഖ്യമന്ത്രി പങ്കെടുക്കേണ്ടത്. യുഎഇ മന്ത്രി ഡോ.താനി അഹമ്മദ് അൽ സെയൂദിയാണ് മുഖ്യമന്ത്രിയെ അബുദാബി സർക്കാരിന് വേണ്ടി ക്ഷണിച്ചത്.

അബുദാബി നാഷണൽ എക്‌സിബിഷൻ സെന്ററിലാണ് നിക്ഷേപക സംഗമമെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. കഴിഞ്ഞമാസമാണ് പരിപാടികൾക്കായി കേന്ദ്ര അനുമതി തേടിയത്. എന്നാൽ ഇതുവരെ അനുമതി നൽകാത്തതിന്റെ കാരണം വ്യക്തമല്ലെന്നുമാണ് പൊതുഭരണ വകുപ്പ് നൽകുന്ന വിവരം.

അബുദാബി കേരള സോഷ്യൽ സെന്റർ മേയ് ഏഴിന് വൈകിട്ട് ഏഴിന് നാഷണൽ തീയേറ്ററിൽ നടക്കുന്ന പരിപാടിയിലും മേയ് 10ന് ദുബായിൽ സംഘടിപ്പിച്ച പരിപാടിയിലും മുഖ്യമന്ത്രി ജനങ്ങളുമായി സംവദിക്കാനാണ് തീരുമാനിച്ചിരുന്നത്.

അനുമതി ലഭിക്കാത്ത പക്ഷം സന്ദർശനപരിപാടി റദ്ദാക്കേണ്ടിവരുമെന്നാണ് സൂചന. മുഖ്യമന്ത്രിക്ക് പുറമേ വ്യവസായമന്ത്രി പി. രാജീവ്, പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്, ചീഫ് സെക്രട്ടറി എന്നിവരടക്കം ഒൻപതംഗ സംഘമാണ് യുഎഇ സന്ദർശനത്തിനുള്ളത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!