യുവതിയുടെ വാട്‌സ്‌ആപ്പ് ചാറ്റിൽ നിന്ന് ഫോട്ടോയെടുത്ത് അശ്ളീല ചിത്രങ്ങൾ നിർമിച്ച് പ്രതിശ്രുത വരന് അയച്ച അധ്യാപകൻ അറസ്റ്റിൽ

കണ്ണൂർ: യുവതിയുടെ അശ്ളീല ചിത്രങ്ങൾ വ്യാജമായി നിർമിച്ച് വിവാഹം മുടക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകനായ കണ്ണൂർ പള്ളിക്കുന്ന് വിഘ്‌നേശ്വര ഹൗസിൽ പ്രശാന്ത് (40) ആണ് പിടിയിലായത്.
സഹപ്രവർത്തകയായ യുവതിയുടെ ചിത്രങ്ങളാണ് ഇയാൾ മോർഫ് ചെയ്തത്.യുവതി ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറിൽ നിന്ന് സുഹൃത്തുമായി നടത്തിയ ചാറ്റുകളിൽ നിന്ന് പ്രതി ഫോട്ടോ കൈക്കലാക്കി വ്യാജ അശ്ളീല ചിത്രങ്ങൾ നിർമിക്കുകയായിരുന്നു.
അടുത്ത മാസമായിരുന്നു യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. പ്രതി യുവതിയുടെ പ്രതിശ്രുത വരന് കൊറിയറിലൂടെ ചിത്രങ്ങൾ അയച്ചുകൊടുത്തു.തുടർന്ന് വരനും ബന്ധുക്കളും യുവതിയുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
പിന്നാലെ എടച്ചേരി പൊലീസിൽ പരാതി നൽകുകയായിരുന്നു. കൊറിയർ സർവീസ് കേന്ദ്രം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രശാന്ത് പിടിയിലായത്. കൊറിയർ സ്ഥാപനത്തിലെ കാമറ പരിശോധിച്ചതിനുശേഷം തിരിച്ചറിയുന്നതിനായി യുവതിയെ എത്തിച്ചു.
തുടർന്ന് മാസ്‌കും തൊപ്പിയും ധരിച്ചിരുന്ന പ്രതി സഹപ്രവർത്തകനാണെന്ന് യുവതി വ്യക്തമാക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയതിനുശേഷം റിമാൻഡ് ചെയ്തു.