ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ അഭിലാഷ് ടോമിക്ക് രണ്ടാം സ്ഥാനം

ചരിത്രം കുറിച്ച് മലയാളി നാവികന്‍ അഭിലാഷ് ടോമി. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ അഭിലാഷ് ടോമി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയും ആദ്യത്തെ ഇന്ത്യാക്കാരനും ആദ്യത്തെ ഏഷ്യാക്കാരനുമാണ് അഭിലാഷ്. ബയാനത്ത് എന്ന പായ്വഞ്ചിയിലായിരുന്നു അഭിലാഷ് ടോമിയുടെ പോരാട്ടം. ദക്ഷിണാഫ്രിക്കന്‍ വനിത കിര്‍സ്റ്റന്‍ ന്യൂഷാഫറിനാണ് ഇത്തവണത്തെ ഗോള്‍ഡന്‍ ഗ്ലോബ് റേസ് കിരീടം.
ഗോള്‍ഡന്‍ ഗ്ലോബ് റേസിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു വനിത കിരീടം നേടിയത്. കഴിഞ്ഞയാഴ്ച അഭിലാഷ് ടോമി ലീഡെടുത്ത് മുന്നിലെത്തിയിരുന്നു.
എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ കിര്‍സ്റ്റന്‍ ന്യൂഷാഫര്‍ ലീഡ് തിരിച്ച് പിടിച്ചു. എട്ട് മാസത്തോളം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇരുവരും ചരിത്രത്തിലെ സുവര്‍ണ നേട്ടം കരസ്ഥമാക്കിയത്.