75,000 രൂപ വായ്പയെടുത്തു;2.44 ലക്ഷം തിരിച്ചടച്ചു, ഇനിയും 6.59 ലക്ഷം അടയക്ക്ണമെന്ന് സഹകരണ സംഘം

ആലപ്പുഴ: 75,000 രൂപ വായ്പയെടുത്ത മത്സ്യത്തൊഴിലാളി 2,44,673 രൂപ തിരിച്ചടച്ചിട്ടും 6,59,306 രൂപ കൂടി അടയ്ക്കണമെന്ന സഹകരണ സംഘത്തിന്റെ നിലപാട് പുനഃപരിശോധിക്കണമെന്നു മനുഷ്യാവകാശ കമ്മിഷന്‍.
സംസ്ഥാന ഹൗസിങ് ഫെഡറേഷന്‍ സെക്രട്ടറിക്കാണു കമ്മിഷനംഗം വി.കെ. ബീനാകുമാരി നിര്‍ദേശം നല്‍കിയത്. അര്‍ബുദരോഗിയായ ഭാര്യയെ ചികിത്സിക്കാന്‍പോലും ബുദ്ധിമുട്ടനുഭവിക്കുന്ന പരാതിക്കാരനു പരമാവധി സഹായം ലഭ്യമാക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. ചേര്‍ത്തല അര്‍ത്തുങ്കല്‍ തയ്യില്‍ ക്ലമന്റിന്റെ പരാതിയിലാണ് ഇടപെടല്‍.
പള്ളിപ്പുറം റൂറല്‍ ഹൗസിങ് സഹകരണ സംഘത്തില്‍നിന്നാണു പരാതിക്കാരന്‍ 1993 നവംബര്‍ ഒന്‍പതിന് 75,000 രൂപ വായ്പയെടുത്തത്. പരാതിക്കാരനായി മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന്‍ 1,01,537 രൂപ സംഘത്തിനു നല്‍കിയിട്ടുണ്ട്.
അതുംകൂടി ചേര്‍ത്താണ് 2,44,673 രൂപ തിരിച്ചടച്ചത്. 1,50,000 രൂപ കൂടി അടയ്ക്കാന്‍ തയ്യാറാണെന്നു പരാതിക്കാരന്‍ കമ്മിഷനെ അറിയിച്ചു. ഈ ആവശ്യം പരിഗണിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
വസ്തുവിന്റെ ആധാരം സംസ്ഥാന ഹൗസിങ് ഫെഡറേഷനിലാണു സൂക്ഷിച്ചിട്ടുള്ളത്. മുതലും പലിശയും പിഴപ്പലിശയും അടക്കമുള്ള തുക അടച്ചാല്‍മാത്രമെ പ്രമാണം തിരികെ നല്‍കാന്‍ കഴിയൂവെന്നായിരുന്നു അധികൃതരുടെ നിലപാട്.
പരാതിക്കാരന്റെ മകന്‍ ബഞ്ചമിന്‍ 2018-ലെ വെള്ളപ്പൊക്ക ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത് ഒട്ടേറെ ജീവന്‍ രക്ഷിച്ചയാളാണ്.