വർക്കലയിൽ ട്രെയിൻ ഇടിച്ച് 65കാരന് ദാരുണാന്ത്യം; എൻജിനിലെ കമ്പി വയറിൽ തുളച്ച് കയറി

Share our post

തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിടിച്ച് 65കാരന് ദാരുണാന്ത്യം. മുട്ടപ്പലം തച്ചോട് കുന്നുവിള വീട്ടിൽ ഭാനുവാണ് മരിച്ചത്. ഇന്ന് രാവിലെ 9.20നായിരുന്നു സംഭവം. കൊല്ലത്തുനിന്നും തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന ഇന്റർസിറ്റി എക്‌സ്‌പ്രസ് ഇടിച്ചാണ് വയോധികൻ മരിച്ചത്.

വർക്കല സ്റ്റേഷന് മുന്നിലുള്ള ലെവൽ ക്രോസ് മുറിച്ച് കടക്കാൻ ഭാനു ശ്രമിക്കുന്നതിനിടയിലാണ് ഇന്റർസിറ്റി എക്‌സ്‌പ്രസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ വയോധികൻ എൻജിന് മുന്നിലുള്ള കൂർത്ത കമ്പിയിൽ കുരുങ്ങുകയായിരുന്നു.

വയറിലൂടെ കമ്പി തുളച്ചുകയറിയതിനാൽ വളരെ ബുദ്ധിമുട്ടിയാണ് വർക്കല പൊലീസും ഫയർഫോഴ്സും ചേർന്ന് മൃതദേഹം എൻജിനിൽ നിന്ന് വേർപെടുത്തിയത്. തുടർ നടപടികൾക്കായി മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.അതിനിടെ ഇന്നലെ വന്ദേ ഭാരത് എക്‌സ്‌പ്രസ് മദ്ധ്യപ്രദേശിലെ ഗ്വാളിയോർ സ്റ്റേഷന് സമീപത്ത് വച്ച് പശുവിനെ ഇടിച്ചുതെറിപ്പിച്ചിരുന്നു.

ഹസ്രത്ത് നിസാമുദ്ദീനിൽ നിന്ന് മദ്ധ്യപ്രദേശിലെ റാണി കമലാപാട്ടിയിലേക്ക് പോകുകയായിരുന്നു വന്ദേഭാരതാണ് പശുവിനെ ഇടിച്ചത്. അപകടത്തിൽ ട്രെയിനിന്റെ മുൻവശം തകർന്നു. അപകടത്തെത്തുടർന്ന് വന്ദേ ഭാരത് എക്‌സ്‌‌‌‌പ്രസ് (നമ്പർ 20172) ഏകദേശം 15 മിനിട്ടോളം ഇവിടെ നിർത്തിയിടുകയും ചെയ്തു. അറ്റകുറ്റപ്പണികൾക്ക് ശേഷം യാത്ര പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!