കണ്ണൂര്‍ ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളുടെ നവീകരണ പ്രവൃത്തികള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും; മന്ത്രി വീണാ ജോര്‍ജ്

Share our post

ജില്ലാ ആസ്പത്രിയുടെ മാസ്റ്റര്‍ പ്ലാന്‍ പ്രവൃത്തികള്‍ ഉള്‍പ്പെടെ ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളുടെ നവീകരണ പ്രവൃത്തികള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

കണ്ണൂര്‍ ജില്ലാ ആസ്പത്രിയില്‍ പൂര്‍ത്തിയായ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പയ്യന്നൂര്‍, ഇരിട്ടി, കൂത്തുപറമ്പ്, തളിപ്പറമ്പ്, ശ്രീകണ്ഠാപുരം, മാങ്ങാട്ടുപറമ്പ്, പഴയങ്ങാടി തുടങ്ങി ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ആസ്പത്രികളിലും ആധുനിക ചികിത്സാ സംവിധാനങ്ങള്‍ ലഭ്യമാക്കും.

സി .എച്ച് .സികളെ ബ്ലോക്ക് തല ആരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്ന നടപടികള്‍ പുരോഗമിക്കുകയാണ്-മന്ത്രി പറഞ്ഞു. രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍. എ അധ്യക്ഷത വഹിച്ചു.അടിയന്തിര കൊവിഡ് ചികിത്സയുടെ ഭാഗമായി പൂര്‍ത്തീകരിച്ച അഞ്ച് കിടക്കകളുള്ള പീഡിയാട്രിക് ഐ .സി .യു, 42 കിടക്കകളുള്ള ആധുനിക പീഡിയാട്രിക് കെയര്‍ സെന്റര്‍, സ്ത്രീകള്‍ക്കായുള്ള പ്രത്യേക വാര്‍ഡ് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്.

ജില്ലാ പഞ്ചായത്തിന്റെ 1.90 കോടി രൂപ വിനിയോഗിച്ചാണ് പീഡിയാട്രിക് കെയര്‍ സെന്ററിന്റെ പശ്ചാത്തല വികസനം നടത്തിയത്. 2.05 കോടി രൂപയുടെ ഉപകരണങ്ങളാണ് സെന്ററില്‍ സ്ഥാപിച്ചത്. പിഡിയാട്രിക് ഐ സി യു വിന് 84.25 ലക്ഷം രൂപ വിനിയോഗിച്ചു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആേരാഗ്യം) ഡോ. കെ നാരായണ നായ്ക് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി .പി ദിവ്യ, വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ അഡ്വ. കെ. കെ രത്നകുമാരി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ. ജെ റീന, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി കെ അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എവി അബ്ദുള്‍ ലത്തീഫ്, ജില്ലാ ആസ്പത്രി സൂപ്രണ്ട് ഡോ.എം പ്രീത എന്നിവര്‍ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!