കൗണ്‍സിലിങ്ങിനെത്തിയെ 13-കാരനെ പീഡിപ്പിച്ചു; സൈക്കോളജിസ്റ്റിന് ഏഴ് വര്‍ഷം കഠിന തടവ്

Share our post

തിരുവനന്തപുരം: 13-കാരനെ പീഡിപ്പിച്ച കേസില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്ഏഴ് വര്‍ഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും. ഡോ. കെ. ഗിരീഷി (59)നാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.

മാനസിക പ്രശ്‌നങ്ങളുമായി കൗണ്‍സിലിങ്ങിനെത്തിയ 13-കാരനെ പലതവണയായി പീഡിപ്പിച്ചുവെന്നാണ് കേസ്.നാല്‌ വകുപ്പുകളിലായി ലഭിച്ച 26 വര്‍ഷം തടവ് ശിക്ഷയുണ്ടെങ്കിലും ഒരുമിച്ച് ഏഴ് വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയാകും.

ഒന്നരലക്ഷം രൂപ പിഴയടച്ചില്ലെങ്കില്‍ നാലുവര്‍ഷം കൂടി തടവ് അനുഭവിക്കണം. പിഴത്തുക ഇരയ്ക്ക് കൈമാറണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രതി മാനസിക വൈകല്യമുള്ള കുട്ടിയെ പീഡിപ്പിച്ചു, ഒന്നിലേറെ തവണ പീഡിപ്പിച്ചു, പോക്‌സോ കുറ്റം ആവര്‍ത്തിച്ചു, മാനസികാസ്ഥമുള്ള കുട്ടിയെ പീഡനത്തിനിരയാക്കി തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ. ഇത് മൂന്നും കൂടി ഒറ്റത്തവണയായി അനുഭവിച്ചാല്‍ മതിയാകും.

മറ്റൊരു കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇയാളെ പോക്‌സോ കേസില്‍ ഇതേ കോടതി ഒരുവര്‍ഷം മുമ്പ് ആറുവര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചിരുന്നു.

ഈ കേസില്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടിയ പ്രതി പുറത്തായിരുന്നു. ബുധനാഴ്ചയാണ് ഈ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആജ് സുദര്‍ശനാണ് ശിക്ഷവിധിച്ചത്.

ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ്‌ പ്രൊഫസറായിരുന്ന പ്രതി മണക്കാട് കുര്യാത്തിയിൽ തൻ്റെ വീടിനോട് ചേര്‍ന്ന്‌ നടത്തുന്ന സ്വകാര്യ ക്ലിനിക്കിൽ വെച്ച്‌ കുട്ടിയെ പീഡിപ്പിച്ചെന്നാണ്‌ പ്രോസിക്യൂഷൻ കേസ്.

2015 ഡിസംബർ ആറ് മുതൽ 2017 ഫെബ്രുവരി 21 വരെയുള്ള കാലയളവിൽ കൗൺസിലിംഗിനായി എത്തിയപ്പോഴാണ് പീഡിപ്പിച്ചത്.

പീഡനത്തെ തുടർന്ന് കുട്ടിയുടെ മനോനില കൂടുതൽ ഗുരുതരമായി. നിരന്തരമായ പീഡനത്തിൽ കുട്ടിയുടെ മനോരോഗം വര്‍ധിച്ചു.തുടർന്ന് പ്രതി മറ്റ് ഡോക്ടർമാരെ കാണിക്കാൻ പറഞ്ഞു. കൂടാതെ പീഡനം പുറത്ത് പറയരുതെന്ന് പ്രതി ഭീഷണിപ്പെടുത്തി.

വീട്ടുകാർ മറ്റ് പല മനോരോഗ വിദഗ്ധ കാണിച്ചു. ഇതിലും കുറയാത്തതിനാൽ 2019- ന് കുട്ടിയെ മെഡിക്കൽ കോളേജ് ആസ്പത്രി സൈക്കാട്രി വിഭാഗത്തിൽ അഡ്മിറ്റ് ചെയ്തു. 2019 ജനുവരി മുപ്പതിന് ഡോക്ടർമാർ കേസ് ഹിസ്റ്ററി എടുക്കുമ്പോഴാണ് കുട്ടി രണ്ട് വർഷം മുമ്പ് പ്രതി തന്നെ പീഡിപ്പിച്ച വിവരം പറയുന്നത്. പ്രതി കുട്ടിക്ക് ഫോണിൽ അശ്ലീല വീഡിയോകൾ കാണിച്ച് കൊടുക്കുമായിരുന്നു എന്നും പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!