പെരുമ്പാവൂരിൽ തൊഴിലാളി വീണത് 15 അടി താഴ്ചയുള്ള തീച്ചൂളയിലേക്ക്, രക്ഷിക്കാൻ ഊർജിത ശ്രമം

പെരുമ്പാവൂർ:പതിനഞ്ചടിയോളം താഴ്ചയുളള തീച്ചൂളയിൽ വീണ തൊഴിലാളിയെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുന്നു.
പെരുമ്പാവൂരിന് സമീപം ഓടക്കാലിയിലെ പ്ലൈവുഡ് ഫാക്ടറിയിൽ ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം.
കൊൽക്കത്ത സ്വദേശിയായ നസീർ എന്ന ഇരുപത്തഞ്ചുകാരനാണ് ഫാക്ടറിയിലെ മാലിന്യം കത്തിക്കുന്ന കുഴിയിലേക്ക് വീണത്. സമീപത്തുണ്ടായിരുന്നവർ അപകടം കണ്ടെങ്കിലും അവർക്ക് ഒന്നും ചെയ്യാനായില്ല.
ഇതോടെ രക്ഷാപ്രവർത്തകരെ അറിയിക്കുകയായിരുന്നു.നികത്താനായി വൻ തോതിൽ മാലിന്യം കുഴിയിലേക്ക് തളളിയിരുന്നു.
ഇതിലേക്കാണ് നസീർ വീണത്. ഇയാളെ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നത്.
ജെ. സി. ബി ഉപയോഗിച്ച് കുഴിയിൽ നിന്ന് മാലിന്യം നീക്കംചെയ്യുകയാണ്. കുഴിയുടെ താഴെ ചെറിയതോതിൽ കനലുമുണ്ട്.
ഇത് കനത്ത ആശങ്ക ഉയർത്തുന്നുണ്ട്. ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റിനൊപ്പം പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്.