പാലക്കാട്: വീടെന്ന സ്വപ്നത്തിലേക്കടുക്കുമ്പോള്‍, ചെലവ് കൈയിലൊതുങ്ങുമോ… കീശകാലിയാകുമോ… ഉള്ളതെല്ലാം സ്വരുക്കൂട്ടി വീടുപണിയാന്‍ നെട്ടോട്ടമോടുന്ന സാധാരണക്കാരുടെ ആശങ്കയാണിത്.
കല്ലിനും സിമന്റിനും കമ്പിക്കുമുള്‍പ്പെടെ സകല കെട്ടിടനിര്‍മാണ സാമഗ്രികള്‍ക്കും വില കുതിക്കുകയാണ്. പ്ലമ്പിങ് ഉത്പന്നങ്ങള്‍, വൈദ്യുതോപകരണങ്ങള്‍, ഷീറ്റുകള്‍, ഇന്റീരിയര്‍ മെറ്റീരിയല്‍സ് തുടങ്ങി വീടിനാവശ്യമായ അനുബന്ധവസ്തുക്കളുടെ വിലയും മുകളിലോട്ടുതന്നെ.
സ്ഥലംവാങ്ങുന്നതുമുതല്‍ നിര്‍മാണത്തിന്റെ ഓരോഘട്ടങ്ങളിലും ചെലവുകൂടുന്നതിനാല്‍, വീടുപണി തുടങ്ങാനാഗ്രഹിക്കുന്നവരും തുടങ്ങിവെച്ചവരുമെല്ലാം എന്തുചെയ്യണമെന്നറിയാതെ അന്ധാളിച്ചിരിപ്പാണ്.
ഒരുവര്‍ഷത്തിനിടെ കൂടിയത് 30 ശതമാനം
ഒരുവീടുവെയ്ക്കാന്‍ ശരാശരി 30 ശതമാനംവരെ ചെലവുവര്‍ധിച്ചതായി നിര്‍മാണമേഖലയിലുള്ളവര്‍ പറയുന്നു. 1,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഒരു വീടുനിര്‍മിക്കാന്‍ ഒരുവര്‍ഷംമുന്‍പ് 15-17 ലക്ഷം രൂപവരെ മതിയായിരുന്നു. നിലവില്‍ 21-24 ലക്ഷം രൂപയെങ്കിലും വേണം. ഇത്രയും തുക ബാങ്കില്‍നിന്ന് വായ്പയെടുക്കലും അതിന്റെ ഭീമമായ തിരിച്ചടവുമെല്ലാം സാധാരണക്കാരെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കുകീഴില്‍ നടപ്പാക്കുന്ന ഭവനപദ്ധതികള്‍ക്കും വിലക്കയറ്റം വലിയ തിരിച്ചടിയാവുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ്മിഷന്‍ പദ്ധതിവഴി നാലുലക്ഷം രൂപയാണ് ഉപഭോക്താവിന് പരമാവധി സഹായമായി ലഭിക്കുന്നത്. ഈ തുക ആശ്വാസമാണെങ്കില്‍കൂടിയും തറയും ചുമരും കെട്ടുമ്പോള്‍തന്നെ പണം കഴിയും. ഇന്ധനവില വര്‍ധിച്ചതോടെ സാധനങ്ങളെത്തിക്കുന്ന വാഹനവാടകയും കൂടിയിട്ടുണ്ട്.
പിടിവിട്ട് ക്വാറി ഉത്പന്നങ്ങളുടെ വില
കരിങ്കല്‍, പാറപ്പൊടി, മെറ്റല്‍, ക്വാറിവേസ്റ്റ് എന്നിവയ്‌ക്കെല്ലാം ഒരു യൂണിറ്റിന് 400 മുതല്‍ 800 രൂപവരെയാണ് വര്‍ധിച്ചിട്ടുള്ളത്. ക്വാറികള്‍ക്കുള്ള റോയലിറ്റി ഫീസ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചതാണ് വിലക്കയറ്റത്തിന് കാരണം. പാരിസ്ഥിതിക അനുമതിയില്ലാത്ത ക്വാറികളുടെ അടച്ചുപൂട്ടലും വിലക്കയറ്റത്തിനിടയാക്കി.
തമിഴ്‌നാട്ടില്‍നിന്നുള്ള ക്വാറി ഉത്പന്നങ്ങള്‍ ജിയോളജിക്കല്‍ പാസും ജി.എസ്.ടി.യുമടച്ച്, കുറഞ്ഞചെലവില്‍ ലഭ്യമാക്കിയിരുന്നെങ്കിലും ചില ബാഹ്യശക്തികളിടപെട്ട് ഇതുതടയുന്നുണ്ട്. ഇതും തിരിച്ചടിയാവുന്നുണ്ടെന്ന് മേഖലയിലുള്ളവര്‍ പറയുന്നു.
സ്ഥലംവാങ്ങി വീടുവെയ്ക്കാന്‍ കൈപൊള്ളും
സ്ഥലംവാങ്ങി വീടുവെയ്ക്കല്‍ ഇപ്പോള്‍ ബാലികേറാമലയാണ്. ഭൂമിയുടെ ന്യായവില, മുദ്രപ്പത്രവില, രജിസ്‌ട്രേഷന്‍ ഫീസ് എന്നിവയെല്ലാം വര്‍ധിപ്പിച്ചതോടെ ഭൂമിവാങ്ങല്‍ ചില്ലറ കടമ്പയല്ല. ഗ്രാമീണമേഖലകളില്‍പോലും ഗതാഗതസൗകര്യങ്ങളോടുകൂടിയ ഒരുസെന്റ് ഭൂമി വാങ്ങാന്‍ ഒന്നരമുതല്‍ രണ്ടുലക്ഷം രൂപവരെ ചെലവാക്കണം. ഇതിനുപുറമേ, കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്, തദ്ദേശസ്ഥാപനങ്ങളിലെ അപേക്ഷാഫീസ് എന്നിവയും വര്‍ധിപ്പിച്ചതോടെ സ്ഥലംവാങ്ങിയാലും വീടുവെയ്ക്കാന്‍ വീണ്ടും അധികതുക ചെലവാക്കണം.
പഞ്ചായത്തുകളില്‍ 1,614 ചതുരശ്രയടിയോളം വിസ്തൃതിയുള്ള വീടുനിര്‍മിക്കുമ്പോള്‍ പെര്‍മിറ്റിനും അപേക്ഷയ്ക്കുമായി മുമ്പ് 555 രൂപ ഫീസടച്ചാല്‍ മതിയായിരുന്നു. നിലവില്‍ 8,509 രൂപയോളം വേണം. നഗരസഭാ, കോര്‍പറേഷന്‍ പരിധികളാണെങ്കില്‍ ഇതു വീണ്ടുമുയരും.