കൊടിയേറ്റി തൃശൂർ , ഇനിയെങ്ങും പൂരാരവം ; നാടും നഗരവും പൂര ലഹരിയിലേക്ക്‌

Share our post

തൃശൂർ; സൗന്ദര്യസംഗമക്കാഴ്‌ചകളിലലിയാൻ പൂരങ്ങളുടെ പൂരത്തിന് കൊടിയേറി. മണ്ണിലും വിണ്ണിലും മനസ്സിലും വർണഘോഷങ്ങൾ നിറയ്‌ക്കുന്ന കൊടിയേറ്റം ആഹ്ലാദാരവ നിറവായി.

മുഖ്യസാരഥികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും പങ്കാളികളായ എട്ടു ഘടകക്ഷേത്രങ്ങളിലും പൂരംകൊടിയേറി. ഇനി നാടും നഗരവും പൂര ലഹരിയിലേക്ക്‌.

തിങ്കളാഴ്‌ച പകൽ 11.30ഓടെ തിരുവമ്പാടിയിലാണ്‌ ആദ്യം കൊടിയേറിയത്‌. താഴത്തുപുരയ്‌ക്കൽ സുന്ദരൻ, സുഷിത്ത്‌ എന്നിവർ ഒരുക്കിയ കൊടിമരം ആർപ്പുവിളിയോടെ തട്ടകക്കാർ ഉയർത്തി.

തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ഡോ. സുന്ദർമേനോൻ, സെക്രട്ടറി കെ ഗിരീഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൊടിയേറ്റ്‌.

പാറമേക്കാവ്‌ ക്ഷേത്രത്തിൽ പകൽ 12ന്‌ ദേവസ്വം പ്രസിഡന്റ് ഡോ. എൻ ബാലഗോപാൽ, സെക്രട്ടറി ജി രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൊടിയേറ്റം. ചെമ്പിൽ കുട്ടൻ ആശാരി കൊടിമരം ഒരുക്കിയത്‌. സിംഹമുദ്രയുള്ള കൊടിക്കൂറ കെട്ടിയാണ്‌ കൊടി ഇയർത്തിയത്‌.

ഉച്ചയ്ക്കുശേഷം തിരുവമ്പാടിയുടെ നായ്ക്കനാൽ നടുവിലാൽ പന്തലുകളിൽ പൂരക്കൊടിയർന്നു. മേളങ്ങളുടെ അകമ്പടിയോടെ ആനപ്പുറത്ത്‌ പുറപ്പെട്ട എഴുന്നള്ളിപ്പ്‌ വടക്കുന്നാഥ ക്ഷേത്ര ശ്രീമൂലസ്ഥാനം വഴി നടുവിൽമഠത്തിലെത്തി, പടിഞ്ഞാറേചിറയിലെ ആറാട്ടിനുശേഷം എഴുന്നള്ളിപ്പ് വൈകിട്ട്‌ തിരുവമ്പാടി ക്ഷേത്രത്തിൽ സമാപിച്ചു.

പാറമേക്കാവിൽ കൊടിയേറ്റത്തിനുശേഷം ക്ഷേത്രത്തിനുമുന്നിൽ അഞ്ചാനപ്പുറത്ത്‌ പുറത്തേക്കെഴുന്നള്ളിപ്പും മേളവുമുണ്ടായി. കൊക്കർണിയിൽ ആറാട്ടോടെ എഴുന്നെള്ളിപ്പ്‌ അവസാനിച്ചു.

പൂരത്തിന്റെ വരവറിയിച്ച് പാറമേക്കാവ് വിഭാഗം മണികണ്ഠനാലിൽ പൂരക്കൊടി ഉയർത്തി. ലാലൂർ, അയ്യന്തോൾ കാർത്യായനി, കണിമംഗലം, കാരമുക്ക്, പനമുക്കുംപിള്ളി, ചെമ്പൂക്കാവ്, ചൂരക്കോട്ടുകാവ്, നെയ്‌തലക്കാവ് ക്ഷേത്രങ്ങളിലും പൂരം കൊടിയേറി.

പൂരം കൊടിയേറ്റത്തിനോടനുബന്ധിച്ചുള്ള മിനിവെടിക്കെട്ടും ഉണ്ടായി. പുരക്കൊടിയേറ്റം കാണാൻ ആയിരക്കണക്കിനാളുകൾ വന്നെത്തി. ഏപ്രിൽ 30നാണ് തൃശൂർ പൂരം. 28ന്‌ സാമ്പിൾ വെടിക്കെട്ട്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!