വികസന വഴിയിൽ വാട്ടർ മെട്രോ ; മെട്രോ റെയിലിന്‌ അനുബന്ധമായി വാട്ടർ മെട്രോ രാജ്യത്താദ്യം

Share our post

കൊച്ചി: കൊച്ചിയുടെ ഓളപ്പരപ്പിൽ ചൊവ്വാഴ്‌ചമുതൽ ജല മെട്രോ കുതിക്കും. ഇതോടെ മെട്രോ റെയിലിന്‌ അനുബന്ധമായി വാട്ടർ മെട്രോ സർവീസുള്ള രാജ്യത്തെ ഏക നഗരമാകും കൊച്ചി. നഗരത്തിനടുത്ത ദ്വീപുകളെ ബന്ധിപ്പിച്ചുള്ള വാട്ടർ മെട്രോ കൊച്ചിയുടെ വിനോദസഞ്ചാര, സാമ്പത്തിക മേഖലയിലും വലിയ സാധ്യതകൾ തുറക്കും.

747 കോടി രൂപയുടെ പദ്ധതി ജർമൻ ബാങ്കായ കെഎഫ്‌ഡബ്ല്യുവിന്റെ സഹായത്തോടെയാണ്‌ സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്‌.

ഹെെക്കോർട്ട് ടെർമിനലിൽനിന്ന് വെെപ്പിനിലേക്കും വൈറ്റിലയിൽനിന്ന്‌ കാക്കനാട്ടേക്കുമാണ്‌ ആദ്യഘട്ട സർവീസ്‌. പദ്ധതി പൂർത്തിയാകുമ്പോൾ 10 ദ്വീപുകളിലെ 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 ബോട്ടുകൾ സർവീസ് നടത്തും. ഹൈക്കോർട്ട്‌–-വൈപ്പിൻ റൂട്ടിൽ ബുധനാഴ്‌ച മുതൽ തുടങ്ങും.

വെെറ്റില–കാക്കനാട് വ്യാഴാഴ്‌ചയും. രാവിലെ ഏഴുമുതൽ രാത്രി എട്ടുവരെയാണ്‌ സർവീസ്‌. തിരക്കുള്ളപ്പോൾ 15 മിനിറ്റ് ഇടവേളയിൽ ഹെെക്കോർട്ട്–വെെപ്പിൻ റൂട്ടിൽ സർവീസുണ്ടാകും. 100 പേർക്കും 50 പേർക്കും യാത്ര ചെയ്യാവുന്ന ഇലക്ട്രിക്–-ഹൈബ്രിഡ് ബോട്ടുകളാകും ഉപയോഗിക്കുക.

കൊച്ചി കപ്പൽശാല നിർമിക്കുന്ന 23 ബോട്ടുകളിൽ എട്ടെണ്ണമാണ്‌ നിലവിലുള്ളത്‌. നൂറുപേർക്ക് യാത്ര ചെയ്യാവുന്നതാണ്‌ ഇവ. വേലിയേറ്റ, വേലിയിറക്ക സമയങ്ങളിൽ സമതലത്തിൽ നിൽക്കാനാകുന്ന ഫ്ലോട്ടിങ് ബോട്ടുജെട്ടികളാണുള്ളത്‌. സുരക്ഷ ഉറപ്പാക്കാൻ പാസഞ്ചർ കൺട്രോളിങ് സിസ്റ്റവുമുണ്ട്.

വൈറ്റിലയിലെ ഓപ്പറേഷൻ കൺട്രോൾ സെന്ററിൽനിന്ന്‌ പൊതുനിയന്ത്രണവും ഉണ്ടാകും. ജീവനക്കാരെ കെ.എം.ആർ.എൽ നിയമിച്ചു.

യാത്ര നിരക്ക്
മിനിമം ടിക്കറ്റ് നിരക്ക് 20 ഉം പരമാവധി 40 രൂപയുമാണ്. ഹെെക്കോർട്ട്–വെെപ്പിൻ 20 രൂപയും വെെറ്റില–കാക്കനാട് 30 രൂപയുമാണ്‌. ഉദ്ഘാടനത്തോടനുബന്ധിച്ച് ഇളവുകളുമുണ്ട്.

ആഴ്‌ച പാസിന് 180 രൂപ, മാസം–- 600, ത്രൈമാസം–- 1500 എന്നിങ്ങനെയാണ്‌ നിരക്ക്‌. കൊച്ചി വൺ കാർഡ് ഉപയോഗിച്ചും യാത്രചെയ്യാം.കൊച്ചി വൺ ആപ്പിലൂടെ ബുക്ക് ചെയ്യുന്ന മൊബെെൽ ക്യുആർ കോഡും ഉപയോഗിക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!