മുനയൻകുന്ന് രക്തസാക്ഷികൾക്ക് ഗ്രാനൈറ്റിൽ പുനർജനി

പയ്യന്നൂർ: ജന്മി നാടുവാഴിത്തത്തിനെതിരായ സമരത്തിൽ വെടിയേറ്റു മരിച്ച മുനയൻകുന്ന് രക്തസാക്ഷികളുടെ മുഖങ്ങൾ ഗ്രാനൈറ്റിൽ കൊത്തിയെടുത്ത് ശിൽപ്പി ഉണ്ണി കാനായി.
രക്തസാക്ഷിത്വ ദിനത്തിന്റെ 75–-ാം വാർഷികത്തോടനുബന്ധിച്ച് സി.പി.ഐ.എം പെരിങ്ങോം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുക്കി പണിയുന്ന പാടിച്ചാലിലെ രക്തസാക്ഷി സ്‌മാരക സ്‌തൂപത്തിലേക്കാണ് ശിൽപ്പങ്ങൾ.
ബ്ലാക്ക് ഗ്രാനൈറ്റിൽ ഒരു ചിത്രം അഞ്ച് അടി വലിപ്പത്തിൽ ആറ് മുഖങ്ങളും കൊത്തിയെടുത്തു. ഇവ സ്‌തൂപത്തിന്റെ മുൻഭാഗത്താണ് സ്ഥാപിക്കുക.
കൂടാതെ പുതിയ രക്തസാക്ഷി സ്‌തൂപത്തിൽ പഴയ മാതൃക നിലനിർത്തിക്കൊണ്ട് കൂറ്റൻ ചെങ്കൊടിയും മുനയൻകുന്ന് വെടിവയ്‌പ് സംഭവവും ചിത്രീകരിച്ചിട്ടുണ്ട്.
രക്തസാക്ഷികളിൽ കെ സി കുഞ്ഞാപ്പുവിന്റെയും കെ എ ചിണ്ടപ്പൊതുവാളുടെയും കുന്നുമ്മൽ കുഞ്ഞിരാമന്റെയും ചിത്രങ്ങൾ മാത്രമാണ് മാതൃകയായി ലഭിച്ചിരുന്നത്.
മൊടത്തറ ഗോവിന്ദൻ നമ്പ്യാരുടെയും പാപ്പിനിശേരി കേളു നമ്പ്യാരുടെയും പനയന്തട്ട കണ്ണൻ നമ്പ്യാരുടെയും ചിത്രങ്ങളില്ലാതിരുന്നത് നിർമാണത്തിന് ഏറെ പ്രയാസങ്ങൾ ഉണ്ടാക്കിയതായി ശിൽപ്പി പറഞ്ഞു.
മൂന്ന് പോരാളികളുടെയും മുമ്പും പിമ്പുമുള്ള തലമുറകളുടെ സാമ്യത നിരീക്ഷിച്ചും കംപ്യൂട്ടറിന്റെയും രക്തസാക്ഷി കുടുംബാഗങ്ങളുടെയും മുതിർന്ന സഖാക്കളുടെയും സഹായത്തോടെയുമാണ് ചിത്രം തയ്യാറാക്കിയത്.
സി.പി.ഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി സത്യപാലൻ, പെരിങ്ങോം ഏരിയാ സെക്രട്ടറി പി. ശശിധരൻ എന്നിവർ രക്തസാക്ഷികളുടെ ഗ്രാനൈറ്റ് കാർവിങ്ങ് ചിത്രങ്ങൾ വിലയിരുത്തി.