വന്ദേഭാരതിന് ഫ്‌ളാഗ് ഓഫ്: പ്രധാനമന്ത്രി 10.15-ന് തലസ്ഥാനത്ത്; കനത്ത സുരക്ഷയിൽ നഗരം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ 10.15-ന് തലസ്ഥാനത്തെത്തും. വന്ദേഭാരത് തീവണ്ടിയുടെ ഫ്‌ളാഗ് ഓഫും 3200 കോടിയുടെ മറ്റുവികസനപദ്ധതികളുടെ സമര്‍പ്പണവും ശിലാസ്ഥാപനവും നിര്‍വഹിക്കും.
10.15-ന് കൊച്ചിയില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ചേര്‍ന്ന് സ്വീകരിക്കും.
10.30-ന് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലാണ് വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ്. 10.50 വരെ അവിടെ ചെലവിടുന്ന പ്രധാനമന്ത്രി വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തും.
11-ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കൊച്ചി വാട്ടര്‍ മെട്രോയും വൈദ്യുതീകരിച്ച പാലക്കാട്-പളനി-ദിണ്ടിഗല്‍ സെക്ഷന്‍ റെയില്‍പ്പാതയും നാടിന് സമര്‍പ്പിക്കും.
ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, കൊച്ചുവേളി, തിരുവനന്തപുരം, നേമം റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചുള്ള തിരുവനന്തപുരം മേഖലയുടെ വികസനം, തിരുവനന്തപുരം സെന്‍ട്രല്‍, വര്‍ക്കല ശിവഗിരി, കോഴിക്കോട് റെയില്‍വേ സ്റ്റേഷനുകള്‍ രാജ്യാന്തരനിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതി, തിരുവനന്തപുരം-ഷൊര്‍ണൂര്‍ സെക്ഷനിലെ തീവണ്ടികളുടെ വേഗം മണിക്കൂറില്‍ 110 കിലോമീറ്ററാക്കുന്ന പദ്ധതി എന്നിവയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും. 12.40-ന് സൂറത്തിലേക്കു പുറപ്പെടും.
കനത്ത സുരക്ഷയാണ് തിരുവനന്തപുരത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷയ്ക്കായി 2000 പോലീസുകാരെയാണ് തലസ്ഥാനത്ത് നിയോഗിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള റിസര്‍വ് ബറ്റാലിയന്‍ പോലീസ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തെത്തിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്ന വഴിയിലുള്ള സുരക്ഷ പ്രധാനമായും കേരള പോലീസ് കൈകാര്യംചെയ്യും. റെയില്‍വേ സ്റ്റേഷനിലെയും സെന്‍ട്രല്‍ സ്റ്റേഡിയത്തിലെയും വേദികളുടെ സുരക്ഷാ മേല്‍നോട്ടം എസ്.പി.ജി.ക്കും എന്‍.എസ്.ജി.ക്കുമായിരിക്കും.
പ്രധാനമന്ത്രിയുടെ പരിപാടിക്ക് വലിയ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. മോദിക്ക് സ്വീകരണമൊരുക്കാന്‍ ബി.ജെ.പി. പ്രവര്‍ത്തകരും തയ്യാറെടുത്തിട്ടുണ്ട്.
ഇതിന്റെ ഭാഗമായി നഗരത്തിലെങ്ങും പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചിട്ടുണ്ട്. രാവിലെ ഒന്‍പത് മണിയോടെ 5000-ഓളം പ്രവര്‍ത്തകരും നേതാക്കളും ശംഖുംമുഖത്ത് വിമാനത്താവളത്തില്‍ എത്തും.
സുരക്ഷയ്ക്കും ജനത്തിരക്ക് നിയന്ത്രിക്കുന്നതിനുമായി രാവിലെ ഏഴുമണിമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗതനിയന്ത്രണമുണ്ടാകും.
തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഡിപ്പോ ചൊവ്വാഴ്ച രാവിലെ എട്ടുമണി മുതല്‍ 11 വരെ പ്രവര്‍ത്തിക്കില്ല. തമ്പാനൂരില്‍ നിന്നുള്ള ബസ് സര്‍വീസുകളെല്ലാം വികാസ് ഭവനില്‍നിന്നായിരിക്കും.
ചൊവ്വാഴ്ച രാവിലെ റെയില്‍വേ സ്റ്റേഷനിലെ ഒന്ന്, രണ്ട് പ്ലാറ്റ്ഫോമുകളിലേക്കു പോകുന്നതിനും ടിക്കറ്റ് വില്‍പ്പനയ്ക്കും നിയന്ത്രണമുണ്ടാകും. യാത്രക്കാര്‍ ചൊവ്വാഴ്ച പവര്‍ഹൗസ് റോഡിലെ കവാടംവഴിയാണ് കടക്കേണ്ടത്.
ഉദ്ഘാടനത്തിന് 3200 കോടിയുടെ വികസന പദ്ധതികള്‍
• 11 ജില്ലകളിലൂടെ സര്‍വീസ് നടത്തുന്ന കേരളത്തിലെ ആദ്യത്തെ വന്ദേഭാരത് എക്‌സ്പ്രസിന് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രധാനമന്ത്രി പച്ചക്കൊടി കാട്ടും.
• സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ 3200 കോടിയുടെ വിവിധ പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിക്കും.
• നേമം, കൊച്ചുവേളി ടെര്‍മിനല്‍ വികസനപദ്ധതിയാണ് ഉദ്ഘാടനം ചെയ്യപ്പെടുന്ന മറ്റൊരു പദ്ധതി.
• തിരുവനന്തപുരം, കഴക്കൂട്ടം, വര്‍ക്കല-ശിവഗിരി റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കും.
• തിരുവനന്തപുരം- ഷൊര്‍ണൂര്‍ മേഖലയിലെ തീവണ്ടിപ്പാതയിലെ വേഗവര്‍ധന, തിരുവനന്തപുരം ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് എന്നീ പദ്ധതികള്‍ക്ക് അദ്ദേഹം ശിലാസ്ഥാപനം നടത്തും.
• കൊച്ചിയിലെ 10 ദ്വീപുകളെ ബന്ധിപ്പിക്കുന്ന കൊച്ചി വാട്ടര്‍ മെട്രോ, വൈദ്യുതീകരിച്ച ദിണ്ടുഗല്‍- പഴനി- പാലക്കാട് തീവണ്ടിപ്പാത എന്നിവ നാടിന് സമര്‍പ്പിക്കും.