ബസ്സിനുള്ളില്‍ വയോധികന്‍ കുഴഞ്ഞു വീണു; പ്രഥമശുശ്രൂഷ നല്‍കി ജീവൻ രക്ഷിച്ച് പോലീസുകാര്‍

കോട്ടയം: യാത്രയ്ക്കിടെ സ്വകാര്യബസ്സിനുള്ളില്‍ കുഴഞ്ഞുവീണ് അവശനിലയിലായ വയോധികന് പ്രഥമശുശ്രൂഷ നല്‍കി ജീവന്‍ രക്ഷിച്ച് പോലീസുകാര്‍.
കുമളിയില്‍നിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന സെന്റ് ജോണ്‍സ് എന്ന ബസ്സിനുള്ളില്‍ തിങ്കളാഴ്ച രാവിലെ 10 മണിക്ക് കോട്ടയം കളത്തിപടിയില്‍വെച്ചായിരുന്നു സംഭവം.
വാഴൂര്‍ സ്വദേശിയായ വയോധികന്‍ കൊടുങ്ങൂരില്‍നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്നു. ബസ് കളത്തിപടിയില്‍ എത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും സീറ്റിലേക്ക് കുഴഞ്ഞു വീഴുകയും ബോധം നഷ്ടപ്പെടുകയുമായിരുന്നു.
ഇതേ ബസ്സില്‍ പൊന്‍കുന്നത്തുനിന്ന് പ്രതികളുമായി കോട്ടയത്തേക്ക് വരികയായിരുന്നു ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ പോലീസ് ഉദ്യോഗസ്ഥരായ ഷമീര്‍ സമദ്, അന്‍സു പി.എസ്., മഹേഷ്, പ്രദീപ് ടി.ആര്‍ എന്നിവര്‍. കൂടാതെ മുണ്ടക്കയത്തുനിന്ന് കയറിയ കോട്ടയം സൈബര്‍ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥനായ ജോബിന്‍സ് ജെയിംസും ബസിലുണ്ടായിരുന്നു.
വയോധികന്‍ കുഴഞ്ഞുവീണതിന് പിന്നാലെ അഞ്ച് പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് അദ്ദേഹത്തിന് പ്രഥമശുശ്രൂഷയുടെ ഭാഗമായി സി.പി.ആര്‍. നല്‍കി. ഇതോടെ വയോധികന് ആശ്വാസം ലഭിച്ചു.
തുടര്‍ന്ന് എത്രയും പെട്ടെന്ന് ബസ് ജില്ലാ ആസ്പത്രിയിലേക്ക് പോകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. ഇതോടെ ഡ്രൈവര്‍ ബസ് കോട്ടയം ജില്ലാ ആസ്പത്രിയില്‍ എത്തിച്ചു.
തുടര്‍ന്ന് വയോധികനെ പരിശോധനക്ക് വിധേയനാക്കി. വയോധികന്‍ അപകടനില തരണം ചെയ്തന്നും തക്കസമയത്ത് സി.പി.ആര്‍. നല്‍കാന്‍ ആയതിനാലാണ് ജീവന്‍ രക്ഷിക്കാന്‍ ആയതെന്നും ഡോക്ടര്‍ പറഞ്ഞു.