നാട് മാലിന്യ മുക്തമാക്കാന്‍ സി.പി.എം രംഗത്തിറങ്ങും

Share our post

കണ്ണൂർ: പൊതു ഇടങ്ങൾ മാലിന്യമുക്തമാക്കാൻ ജില്ലയിൽ സി.പി.എം പ്രവർത്തകർ രംഗത്തിറങ്ങാൻ കണ്ണൂർ എ .കെ .ജി ഹാളിൽ ചേർന്ന ശുചിത്വ–-മാർഗ്ഗ–-നിർദേശക ജില്ലാ ശിൽപ്പശാല തീരുമാനിച്ചു.

കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി ..എം തോമസ് ഐസക് ഉദ്ഘാടനംചെയ്തു. പി. പുരുഷോത്തമൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം. വി ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ് എന്നിവർ സംസാരിച്ചു.

സമര സംഘടനാ പ്രവർത്തനങ്ങൾക്കൊപ്പം പുതിയ പ്രവർത്തനങ്ങൾകൂടി ഏറ്റെടുക്കുന്നതിന്റെ ഭാഗമാണ് മാലിന്യ നിർമാർജന പ്രവർത്തനങ്ങളിലും സി.പി.എം മുന്നിട്ടിറങ്ങുന്നതെന്ന് ശിൽപ്പശാല ഉദ്ഘാടനംചെയ്ത ഡോ. തോമസ് ഐസക് പറഞ്ഞു.

സാന്ത്വന പരിചരണം, പാവങ്ങൾക്കു വേണ്ടിയുള്ള വീട് നിർമാണം, പൊതുകളിസ്ഥലങ്ങളുടെ നിർമാണം, പൊതു ഇടങ്ങളിലുള്ള മാലിന്യ നിർമാർജന ശുചീകരണ പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ കേന്ദ്രീകരിക്കുന്നതിലൂടെ സമൂഹത്തിന്റെ പൊതുവായ ഉന്നതി ലക്ഷ്യംവയ്‌ക്കുകയാണ് പാർടി ചെയ്യുന്നത്.

മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്ന രീതി പ്രോത്സാഹിപ്പിക്കണം.ബഹുജനങ്ങളുടെ സഹകരണത്തോടെയേ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ കേരളത്തിൽ വിജയിപ്പിക്കാൻ കഴിയൂ. യു.ഡി.എഫ് ഭരണ കാലത്ത് പ്ലാസ്റ്റിക് വേർതിരിക്കാതെ ജില്ലയിലാകെയുള്ള എല്ലാ മാലിന്യവും ശേഖരിച്ച് ബ്രഹ്മപുരത്ത് നിക്ഷേപ കൂമ്പാരമാക്കിയതാണ് നാം നേരിടേണ്ടി വന്ന ദുരന്തം.

പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും, പുഴകളും തോടുകളും കുളങ്ങളും മാലിന്യമുക്തമാക്കാനും രംഗത്തിറങ്ങണമെന്ന് ഡോ. ഐസക് അഭ്യർഥിച്ചു.
മെയ് രണ്ടുമുതൽ 14 വരെ സി.പി.എം നേതൃത്വം നൽകുന്ന മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. മെയ് ആറ്‌, ഏഴ്‌ തീയതികളിൽ ജില്ലയിലെ പ്രവർത്തകർ പൊതുഇടങ്ങൾ ശുചീകരിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!