തൃശൂർ: ഇന്ന് പൂരം കൊടിയേറ്റം, തൃശൂരിന്റെ മനസിൽ ഇനി പൂരവിശേഷങ്ങൾ മാത്രം. ഇന്ന് രാവിലെ പാറമേക്കാവിലും തിരുവമ്പാടിയിലും എട്ട് ഘടക ക്ഷേത്രങ്ങളിലും പൂരപ്പതാകകൾ ഉയരുന്നതോടെ ശക്തന്റെ തട്ടകം പൂരാവേശത്തിലേക്ക് കടക്കും.
ലാലൂർ, അയ്യന്തോൾ, ചെമ്പുക്കാവ്, പനമുക്കുംപിള്ളി, പൂക്കാട്ടിക്കര കാരമുക്ക്, കണിമംഗലം, ചൂരക്കാട്ടുക്കാവ്, നെയ്തലക്കാവ് എന്നീ ഘടക ക്ഷേത്രങ്ങളിലാണ് പൂരം കൊടിയേറുക.തിരുവമ്പാടിതിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11നും 11.30നും മദ്ധ്യേയാണ് കൊടിയേറ്റം.
പൂജിച്ച കൊടിക്കൂറ കൊടിമരത്തിൽ ചാർത്തി, ദേശക്കാർ ഉപചാരപൂർവം കൊടിമരം നാട്ടി കൂറ ഉയർത്തും. വൈകിട്ട് മൂന്നിനാണ് പൂരം പുറപ്പാട്. നായ്ക്കനാലിലും നടുവിലാലിലും നീല, മഞ്ഞ നിറങ്ങളിൽ പൂരപ്പതാകകൾ ഉയർത്തും.
മഞ്ഞയും നീലയും നിറത്തിലുള്ള കൊടികളാണ് ഉയർത്തുക. ശ്രീമൂലസ്ഥാനത്ത് മേളം കലാശിച്ച ശേഷം നടുവിൽ മഠത്തിൽ ആറാട്ടും കഴിഞ്ഞാണ് ഭഗവതി തിരുവമ്പാടി ക്ഷേത്രത്തിൽ തിരിച്ചെത്തുക. തുടർന്നുള്ള ദിവസങ്ങളിൽ ഭഗവതി വിവിധ സ്ഥലങ്ങളിൽ പറയെടുപ്പിനും ആറാട്ടിനും എത്തും.
പാറമേക്കാവ്രാവിലെ 11.30നും 12നും ഇടയിലാകും പാറമേക്കാവിന്റെ കൊടിയേറ്റം. വലിയ പാണിക്ക് ശേഷം പുറത്തേക്കെഴുന്നള്ളുന്ന ഭഗവതിയെ സാക്ഷിയാക്കി ദേശക്കാർ കൊടി ഉയർത്തും. ചെമ്പിൽ കുട്ടനാശാരി കവുങ്ങിൽ ആല്, മാവ്, ദർഭ എന്നിവ കൊണ്ട് അലങ്കരിക്കും. സിംഹമുദ്രയുള്ള കൊടികളാണ് ഉയർത്തുക.
തുടർന്ന് പാറമേക്കാവ് കാശിനാഥൻ ഭഗവതിയുടെ തിടമ്പേറ്റി പുറത്തേക്ക് മേളത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിപ്പും ഉണ്ടാകും. പിന്നീട് വടക്കുന്നാഥ ക്ഷേത്രം ചന്ദ്രപുഷ്‌കർണിയിൽ ആറാട്ട് നടക്കും.ഘടകക്ഷേത്രങ്ങൾഘടകക്ഷേത്രങ്ങളിൽ രണ്ടിടത്ത് രാവിലെയും ആറിടങ്ങളിൽ വൈകീട്ടുമാണ് കൊടിയേറ്റം.
ലാലൂർ കാർത്യായനി ക്ഷേത്രത്തിലും അയ്യന്തോൾ കാർത്യായനി ക്ഷേത്രത്തിലുമാണ് രാവിലെ പൂരം കൊടിയേറുക. ലാലൂരിൽ തട്ടകക്കാരും ക്ഷേത്രോപദേശക സമിതി അംഗങ്ങളും ചേർന്ന് കൊടിയേറ്റ് നിർവഹിക്കും.അയ്യന്തോൾ ക്ഷേത്രത്തിൽ കൊടിയേറ്റത്തിന് മുമ്പ് മേളവും ആറാട്ടും നടക്കും. ക്ഷേത്രച്ചടങ്ങുകൾക്ക് ശേഷം മൂന്നാന പുറത്ത് എഴുന്നെള്ളിപ്പ് ഉണ്ടാകും.
തുടർന്ന് ക്ഷേത്രക്കുളത്തിൽ ആറാട്ടിന് ശേഷം ക്ഷേത്രം തന്ത്രിയും മേൽശാന്തിയും ചേർന്ന് കൊടിയേറ്റം നടത്തും. ചെമ്പുക്കാവ് കാർത്യായനി ക്ഷേത്രത്തിൽ വൈകിട്ട് നാട്ടുകാർ ചേർന്ന് പൂരത്തിന് കൊടിയേറ്റും. തുടർന്ന് ക്ഷേത്രക്കുളത്തിൽ നടക്കുന്ന ആറാട്ടിന് തന്ത്രി നേതൃത്വം നൽകും. മേളവും അരങ്ങേറും.
പനമുക്കുംപിള്ളി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ തട്ടകക്കാർ ചേർന്നാണ് വൈകിട്ട് കൊടിയേറ്റം നടത്തുക. ക്ഷേത്രം തന്ത്രി കൊടിക്കൂറ പൂജിച്ച് നൽകും. പൂക്കാട്ടിക്കര കാരമുക്ക് ക്ഷേത്രത്തിൽ വൈകിട്ട് നാട്ടുകാർ ചേർന്ന് കൊടിയേറ്റം നിർവ്വഹിക്കും.
കൊടിയേറ്റത്തിനു ശേഷം ക്ഷേത്ര കുളത്തിൽ ആറാട്ടും ഉണ്ടാകും. ക്ഷേത്രം തന്ത്രിയുടെ കാർമികത്വത്തിൽ വിശേഷാൽ പൂജകൾ നടക്കും. കണിമംഗലം ശാസ്ത്രാ ക്ഷേത്രത്തിൽ തന്ത്രിയാണ് പൂരത്തിന് വൈകിട്ട് കൊടിയേറ്റുക.
ചൂരക്കോട്ടുകാവ് ദുർഗാ ക്ഷേത്രത്തിൽ നാട്ടുകാർ ചേർന്ന് വൈകിട്ട് പൂരത്തിന് കൊടിയേറ്റും.
ക്ഷേത്രക്കുളത്തിൽ ഭഗവതി ആറാട്ട് നടത്തും. കുറ്റൂർ നെയ്തലക്കാവ് ക്ഷേത്രത്തിൽ വൈകിട്ട് ദേശക്കാർ ചേർന്നാണ് പൂരത്തിന് കൊടിയേറ്റ് നടത്തുക. ശുദ്ധി ക്രിയകൾക്ക് തന്ത്രി കാർമികത്വം വഹിക്കും. ക്ഷേത്രക്കുളത്തിൽ ഭഗവതി ആറാട്ടും നടത്തും.