പെരുന്നാൾ ആഘോഷിക്കാനെത്തിയ സംഘം സഞ്ചരിച്ച ബോട്ട് അപകടത്തിൽപ്പെട്ടു; മലയാളി യുവാവ് യു.എ.ഇയിൽ മരിച്ചു

അബുദാബി: യു.എ.ഇയിലുണ്ടായ ബോട്ടപകടത്തിൽ മലയാളി മരിച്ചു. കാസർകോട് നീലേശ്വരം സ്വദേശിയായ അഭിലാഷ് വാഴവളപ്പിലാണ്(38) ഖോർഫക്കാനിലുണ്ടായ അപകടത്തിൽ മരിച്ചത്.
കുട്ടിയുൾപ്പെടെ മൂന്ന് മലയാളികൾക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. അതിൽ കുട്ടിയുടെ നില ഗുരുതരമാണ് എന്നാണ് വിവരം.
പെരുന്നാൾ അവധി ആഘോഷിക്കാനെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്.അതേ സമയം പെരുന്നാൾ ദിനത്തിൽ ഉമ്മയോട് ഫോണിൽ സംസാരിച്ച് നിൽക്കുന്നതിനിടയിൽ കാറിടിച്ച് മലയാളി യുവാവ് മരിച്ചിരുന്നു.
ഉമ്മുൽ ഖുവെലിൽ ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം വളാഞ്ചേരി എടയൂർ പൂക്കാട്ടിരി സ്വദേശി ടി ടി ജസീമാണ് (32)മരിച്ചത്.
റിട്ട. ഡിവെെഎസ് പി ടി ടി അബ്ദുൽ ജബ്ബാറിന്റെയും റംലയുടെയും മകനാണ് ജസീം.റോഡരികിൽ ഫോണിൽ സംസാരിച്ചു നിൽക്കവേ നിയന്ത്രണം വിട്ട് വന്ന വാഹനം ഫുട്‌പാത്തിലേയ്ക്ക് പാഞ്ഞുകയറുകയായിരുന്നു.
ദുബായിൽ എൻജിനീയറായി ജോലി ചെയ്യുന്ന ജസീം കുടുംബത്തോടൊപ്പം ഉമ്മുൽ ഖുവെനിൽ ഈദ് ആഘോഷിക്കാൻ എത്തിയതാണ്.
റോഡരികിൽ മാതാവുമായി ഫോണിൽ സംസാരിച്ച് നിൽക്കവെയാണ് അപകടം ഉണ്ടായത്. ദുബായിൽ റിഷിദിയയിലാണ് താമസം.
ഉമ്മുൽ ഖുവെൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഭാര്യ: സീനത്ത്. മക്കൾ: യമിൻ മരക്കാർ, ഫിൽഷ.