സ്മാര്‍ട്ട് കാര്‍ഡ് ലൈസന്‍സ് റെഡി, അപേക്ഷിച്ചവരെ തേടി ലൈസന്‍സ് എത്തി തുടങ്ങുന്നു

Share our post

കേരളത്തിലെ ഡ്രൈവിങ്ങ് ലൈസന്‍സ് ഉടമകളുടെ നിരന്തരമായ ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ ലൈസന്‍സും പെറ്റ്-ജി കാര്‍ഡ് രൂപത്തിലേക്ക് മാറുകയാണ്.

ഏപ്രില്‍ 20-നാണ് പുതിയ രൂപത്തിലുള്ള ലൈസന്‍സിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചത്. ഇതേതുടര്‍ന്ന് നിലവിലെ ലൈസന്‍സ് രൂപമാറ്റം വരുത്തുന്നതിനായി വാഹന്‍ സോഫ്റ്റ്‌വെയറില്‍ അപേക്ഷ നല്‍കുന്നതിനുള്ള സംവിധാനനും അധികൃതര്‍ ഉറപ്പാക്കിയിട്ടുണ്ട്.

ലൈസന്‍സ് മാറ്റുന്നതിനായി അപേക്ഷ സ്വീകരിച്ച് തുടങ്ങിയതിന്റെ പശ്ചാത്തലത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് പെറ്റ്-ജി കാര്‍ഡ് ലൈസന്‍സിന്റെ പ്രിന്റിങ്ങും ആരംഭിച്ചിട്ടുണ്ട്.

എറണാകുളത്തെ കേന്ദ്രീകൃത പ്രിന്റിങ്ങ് കേന്ദ്രത്തില്‍ നിന്നുമാണ് സംസ്ഥാനത്തുടനീളമുള്ള അപേക്ഷകരുടെ ലൈസന്‍സുകള്‍ പ്രിന്റ് ചെയ്യുന്നത്. പ്രിന്റിങ്ങ് പൂര്‍ത്തിയാക്കിയ ലൈസന്‍സുകള്‍ ഉടമകള്‍ക്ക് പോസ്റ്റല്‍ അയച്ച് തുടങ്ങിയിട്ടുണ്ടെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

അപേക്ഷിക്കുന്നവര്‍ ശ്രദ്ധിക്കാന്‍

.എന്തെങ്കിലും ലൈസന്‍സ് സേവനങ്ങള്‍ക്ക് അപേക്ഷിക്കുമ്പോള്‍ നിലവില്‍ കൃത്യമായി ലൈസന്‍സ് ലഭിക്കുന്ന പോസ്റ്റല്‍ അഡ്രസില്‍ മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ.
.നിലവിലെ വിലാസത്തില്‍ മാറ്റമുണ്ടെങ്കില്‍ അഡ്രസ് ചേഞ്ച് എന്ന സേവനം കൂടി ഉള്‍പ്പെടുത്തി കൃത്യമായ അഡ്രസ്സ് വിവരങ്ങള്‍ നല്‍കി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
.ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നവര്‍, നിലവില്‍ ആക്ടീവായ മൊബൈല്‍ നമ്പറാണ് നല്‍കിയിരിക്കുന്നത് എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
.അപേക്ഷയില്‍ സമര്‍പ്പിച്ച അഡ്രസിലെ എന്തെങ്കിലും പിഴവ് മൂലം വിതരണം ചെയ്യാനാവാത്ത ലൈസന്‍സുകള്‍ ഏറണാകുളത്തുള്ള കേന്ദ്രീകൃത പ്രിന്റിങ്ങ് സെന്ററിലേക്ക് തന്നെ മടങ്ങിയെത്തും.
.ഇത്തരത്തില്‍ തിരിച്ചെത്തിയ ലൈസന്‍സുകള്‍ കൈപ്പറ്റുന്നതിന് ഉടമകള്‍ എറണാകുളത്തെ പ്രിന്റിങ്ങ് സെന്ററില്‍ തിരിച്ചറിയല്‍ രേഖ ഉള്‍പ്പെടെ നേരിട്ട് എത്തി വേണം കൈപ്പറ്റാന്‍.

വാഹന്‍ സോഫ്റ്റ്‌വെയറിലാണ് പുതിയ ലൈസന്‍സിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്. 200 രൂപ ഫീസും 45 രൂപ പോസ്റ്റല്‍ ചാര്‍ജും ഉള്‍പ്പെടെ 245 രൂപ അടച്ച് അപേക്ഷിക്കാം.

സുരക്ഷാക്രമീകരണങ്ങളോടെയാണ് പുതിയ ഡ്രൈവിങ് ലൈസന്‍സ് എത്തിയിരിക്കുന്നത്. കൈവശമുള്ള പഴയ ലൈസന്‍സ് തിരികെ ഏല്‍പ്പിക്കാതെ തന്നെ പുതിയ ലൈസന്‍സ് സ്വന്തമാക്കാം. ഒരു വര്‍ഷത്തേക്കാണ് ഇളവ്. അതുകഴിഞ്ഞാല്‍ ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസന്‍സിനുള്ള 1200 രൂപയും തപാല്‍കൂലിയും നല്‍കേണ്ടിവരും.

ഏഴ് സുരക്ഷാസംവിധാനമാണ് കാര്‍ഡുകളില്‍ ഒരുക്കിയിട്ടുള്ളത്. മെച്ചപ്പെട്ട അച്ചടി സംവിധാനം ഉപയോഗിച്ചിരിക്കുന്നതില്‍ അക്ഷരങ്ങള്‍ മായില്ല.

പ്രത്യേക നമ്പര്‍, അള്‍ട്രാവയലറ്റ് ലൈറ്റില്‍ തെളിയുന്ന പാറ്റേണ്‍, നോട്ടുകളിലേതുപോലെ ഗില്ലോച്ചെ ഡിസൈന്‍, വശങ്ങളില്‍ മൈക്രോ അക്ഷരങ്ങളിലെ ബോര്‍ഡര്‍ ലൈന്‍, ഹോളോഗ്രാം, വെളിച്ചം വീഴുന്നതിനനുസരിച്ച് നിറംമാറുന്ന ഇന്ത്യയുടെ ചിത്രം, സ്‌കാന്‍ചെയ്താല്‍ ലൈസന്‍സ് സംബന്ധിച്ച വിവരങ്ങളെല്ലാം ലഭിക്കുന്ന ക്യൂ.ആര്‍. കോഡ് എന്നിവ ഇതിലുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!