കേളകം: ആറളം ഫാമിനെയും ആറളം വന്യജീവി സങ്കേതത്തേയും കേളകം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന വളയഞ്ചാൽ പാലം നിർമാണം പൂർത്തിയാകുന്നു. നിലവിലുള്ള തൂക്കുപാലം സ്ഥിരം അപകട വേദിയായതോടയൊണ് നബാർഡ് പ്രത്യേക പദ്ധതിയിൽ നിന്നും കോൺക്രീറ്റ് പാലം പണിയാൻ 4.5 കോടി രൂപ അനുവദിച്ചത്. മൂന്നു തൂൺ വേണ്ട പാലത്തിന്റെ രണ്ട് തൂണും ഉപരിതല വാർപ്പും 2 വർഷം മുമ്പേ പൂർത്തിയായതാണ്.
കേളകം ഭാഗത്തുള്ള പാലത്തിന്റെ തൂണിനുള്ള സ്ഥലം സ്വകാര്യ വ്യക്തിയിൽ നിന്നും കഴിഞ്ഞവർഷം നവംബർ പത്തിനാണ് ഏറ്റെടുത്ത് കൈമാറിയത്. 32.1 മീറ്ററിന്റെ രണ്ട് സ്പാനുകളിൽ 65 മീറ്റർ നീളവും 11.05 മീറ്റർ വീതിയുമുള്ള പാലമാണ് പൂർത്തിയാകുന്നത്.
നിലവിൽ അപ്രോച്ച് റോഡിന്റെ കൈവരിയും ഓവുചാലിന്റെ സ് ലാബ് പ്രവൃത്തിയുമാണ് നടക്കുന്നത്. ഇതും അവസാനഘട്ടത്തിലാണ്. നബാർഡിന്റെ റൂറൽ ഇൻഫ്രസ്ട്രക്ചറൽ ഡെവലപ്മെന്റ് ഫണ്ട് പ്രോജക്ടിൽ ഉൾപ്പെടുത്തി അനുവദിച്ച പ്രവൃത്തികൾ ഐ.ടി.ഡി.പി മുഖേനയാണ് നടപ്പാക്കിയത്. കിറ്റ്കോക്കാണ് മേൽനോട്ടചുമതല ഉണ്ടായിരുന്നത്.
എറണാകുളം ആസ്ഥാനമായുള്ള വെസ്റ്റ് കൺസ്ട്രക്ഷനായിരുന്നു കരാർ. ഈമാസം അവസാനത്തോടെ പ്രവൃത്തി പൂർണമായി പൂർത്തിയാക്കിയിതിനുശേഷം ഓടംതോട് പാലത്തിനൊപ്പം വളയംഞ്ചാൽ പാലം ഉദ്ഘാടനം നടക്കും. വളയഞ്ചാലിൽ പുതിയപാലം വരുന്ന സന്തോഷത്തിലാണ് നാട്ടുകാർ.
പാലം തുറന്ന് നൽകുന്നതോടെ കേളകം, കണിച്ചാർ പഞ്ചായത്തുകളിൽ കൂടുതൽ വികസനം വരുമെന്നും നാട്ടുകാർ ഒന്നടങ്കം പറയുന്നു. ചീങ്കണിപ്പുഴക്ക് കുറുകെ നിലവിലുണ്ടായിരുന്നത് തൂക്കു പാലമായിരുന്നു. കഴിഞ്ഞ കാലവർഷത്തിൽ മൂന്നു തവണയാണ് ഒലിച്ചുപോയത്.
കൂടാതെ അടിപലക തകർന്ന് പാലം അപകടാവസ്ഥയിലായിരുന്നു. ആദിവാസികളടക്കമുള്ള നൂറുകണക്കിനാളുകൾ ദിനംപ്രതി അപകട ഭീഷണിയിൽ യാത്ര ചെയ്തിരുന്നത് ഈ തൂക്കുപാലത്തിലൂടെയാണ്. സ്കൂൾ കുട്ടികളടക്കമുള്ളവർ മഴക്കാലങ്ങളിൽ തൂക്കുപാലത്തിന്റെ ഭീഷണി കാരണം പഠനം ഉപേക്ഷിക്കുന്ന അവസ്ഥയായിരുന്നു.
ഈ ഭീഷണിയടക്കം ഒഴിവാക്കുന്നതിനൊപ്പം ആറളം വന്യജീവി സങ്കേതത്തിലേക്ക് ഉൾപ്പെടെ പ്രതിദിനം എത്തുന്ന നൂറു കണക്കിന് വിനോദ സഞ്ചാരികൾക്കും യാത്ര സൗകര്യപ്രദമാകും. കൂടാതെ പുനരധിവാസ മേഖലയിലെ താമസക്കാർക്ക് ഏളുപ്പത്തിൽ വിവിധ ടൗണുകളുമായി ബന്ധപ്പെടാൻ ഈ പാലം ഉപകാരപ്പെടും.