മലപ്പുറത്ത് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ യുവാവ് ലഹരിക്കേസിലെ പ്രതി, കൊലപാതകത്തിന് പിന്നിൽ ലഹരി – സ്വർണക്കടത്ത് സംഘമെന്ന് സംശയം

മലപ്പുറം: എടവണ്ണ ജാമിയ കോളേജിനു സമീപം ചെമ്പക്കുത്ത് പുലിക്കുന്ന് മലയിലെ സ്വകാര്യവ്യക്തിയുടെ പറമ്പിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ യുവാവ് ലഹരിക്കേസിലെ പ്രതി, എടവണ്ണ ചെമ്പക്കുത്ത് അറയിലകത്ത് റഷീദിന്റെ മകൻ റിദാൻ ബാസിൽ (28) ആണ് മരിച്ചത്.
റിദാന്റെ നെഞ്ചിൽ വെടിയേറ്റതിന്റെ മൂന്നു മുറിവുകളുണ്ട്. തലയ്ക്കു പിന്നിൽ അടിയേറ്റിരുന്നു. വയറിലും മുറിവുകളുണ്ട്. ലഹരി- സ്വർണക്കടത്ത് സംഘമാണ് കൊലപാതകത്തിന് പിന്നാലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം .
സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന മുണ്ടേങ്ങര സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇയാളിലേക്കെത്തിച്ചത്. ഇയാളും റിദാനും തമ്മിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാട് നടന്നിരുന്നതായി സൂചനയുണ്ട്.
ഇന്ന് രാവിലെയാണ് എടവണ്ണ ജാമിയ കോളേജിനു സമീപം 300 മീറ്റർ മാറി മലയുടെ മുകളിൽ ആളൊഴിഞ്ഞ പറമ്പിൽ റിദാന്റെ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി സുഹൃത്തിനോടൊപ്പം മലയിലെത്തിയ റിദാൻ സുഹൃത്ത് മടങ്ങിയ ശേഷവും ഇവിടെ തങ്ങിയിരുന്നു.
റിദാൻ ഒറ്റയ്ക്കാണെന്ന് സുഹൃത്ത് റിദാന്റെ വീട്ടുകാരെ അറിയിച്ചിരുന്നതിനാലാണ് രാവിലെ കാണാതിരുന്നതിനെ തുടർന്ന് സഹോദരന്റെ നേതൃത്വത്തിൽ ഇവിടേക്കും തെരച്ചിൽ വ്യാപിപ്പിച്ചത്. ആളുകൾ അപൂർവമായി മാത്രം വരുന്ന സ്ഥലമാണിതെന്നു പ്രദേശവാസികൾ പറയുന്നു.
കരിപ്പൂരിൽ വച്ച് 15 ഗ്രാം എം.ഡി.എം.എ പിടിച്ച കേസിൽ റിദാൻ ജയിലിലായിരുന്നു. മൂന്നാഴ്ച മുൻപാണ് പുറത്തിറങ്ങിയത്.ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം രാത്രി ഒമ്പതരയോടെ എടവണ്ണ ജുമാ മസ്ജിദിൽ ഖബറടക്കി. റിദാൻ ബാസിലിന്റെ മാതാവ് നസീമ. ഭാര്യ: ഹിബ. സഹോദരൻ: റാസിൽ.