കഥകളായി നടന്നെത്തുന്നു ബാലന്റെ സ്വപ്‌നങ്ങൾ

കണ്ണൂർ: ഒരു പുഴപോലെ ഒഴുകിപ്പരന്ന് പലവഴികളിലെത്തിയ ജീവിതത്തിലെ നിറവാർന്ന നിമിഷങ്ങൾ. അവയെല്ലാം ഭാവനയുടെ സൗന്ദര്യം ചേർത്ത് കഥകളായി എഴുതിവയ്‌ക്കാനാണ് മേലൂർ സ്വദേശിയായ ബാലൻ ആഗ്രഹിച്ചത്. ബാലന്റെ കഥയെഴുത്ത് നാടാകെ പാട്ടായപ്പോൾ അത് പുസ്‌തകമാക്കാനും തീരുമാനിച്ചു. എൺപതുകളിലും എഴുത്തിനൊപ്പംചേർന്നു നടക്കുന്നുവെന്നത് മാത്രമല്ല ബാലൻ മേലൂർ എന്ന കഥാകൃത്തിന്റെ പ്രത്യേകത.
എഴുതിയ പുസ്‌തകത്തിന്റെ 27,000 കോപ്പികൾ നടന്നു വിറ്റ എഴുത്തുകാരനെന്ന സവിശേഷതയും ഇദ്ദേഹത്തിനു സ്വന്തമാണ്.2011ലാണ് ബാലൻ മേലൂരിന്റെ കഥാസമാഹാരം ‘വെളുത്ത നിലാവ്’ പുറത്തിറങ്ങിയത്. പോളിഷ് പണിക്കാരനായ ബാലന്റെ സ്വപ്‌ന സാക്ഷാൽക്കാരമായിരുന്നു അത്.
ചിത്രകാരൻ സെൽവൻ മേലൂരിന്റെ നേതൃത്വത്തിലുള്ള സാംസ്‌കാരിക കൂട്ടായ്‌മയാണ് പുസ്‌തകം പുറത്തിറക്കിയത്. പുസ്‌തകത്തിന്റെ കവറും കഥയ്‌ക്കുള്ളിലെ ചിത്രങ്ങളും വരച്ചത് സെൽവൻ മേലൂരാണ്.
ക്യാൻസറിനോട് പൊരുതി വിടപറഞ്ഞ ഭാര്യ സൗമിനിയെക്കുറിച്ചുള്ള ‘ക്യാൻസർ’ എന്ന കഥയും പ്രവാസജീവിതത്തിന്റെ പ്രതീക്ഷകളും സങ്കീർണതകളും പറയുന്ന ‘അന്നൊരു വെളുത്തവാവ്’ , സർക്കാർ ജോലി പ്രമേയമാകുന്ന ‘നിയമനം’ തുടങ്ങി വായനക്കാരന്റെ ഉള്ളുലയ്‌ക്കുന്ന പത്ത് കഥകളാണ് സാമാഹാരത്തിലുള്ളത്.
പുസ്‌തകം ഇറങ്ങിയതുമുതലുള്ള പന്ത്രണ്ട് വർഷക്കാലം ആൾക്കൂട്ടങ്ങളിലും സാംസ്‌കാരിക പരിപാടികളും പുസ്‌തകങ്ങളുമായി ബാലൻ മേലൂരുണ്ടാകും. കണ്ണൂർ കലക്ടറേറ്റിലെത്തുന്നവരിൽ പുസ്‌തകവുമായി നിൽക്കുന്ന ബാലനെ കാണാത്തവർ വിരളമാണ്.
‘‘എഴുതിയ കഥകൾ കൂടുതൽ പേർ വായിക്കണം. അവരുടെ അഭിപ്രായങ്ങൾ അറിയണം. പ്രായത്തിന്റെ അവശതകളിലും പുസ്‌തകവുമായി നടക്കുന്നത് അതിനുവേണ്ടിയാണ്’’ എൺപത്തിരണ്ടുകാരനായ ബാലൻ പറഞ്ഞു.
50 രൂപയാണ് പുസ്‌തകത്തിന്റെ വില.
ഉയർന്ന മാർക്ക് വാങ്ങുന്ന കുട്ടികൾക്ക് പുസ്‌തകം വിറ്റ് കിട്ടുന്ന പണത്തിൽനിന്ന് ക്യാഷ് അവാർഡും നൽകാറുണ്ട്. പുസ്‌തകത്തിന്റെ 27–-ാം പതിപ്പ് കഴിഞ്ഞ ഫെബ്രുവരിയിൽ സ്‌പീക്കർ എ എൻ ഷംസീറാണ് പ്രകാശിപ്പിച്ചത്. മേലൂർ ബസ് സ്‌റ്റാൻഡിനു സമീപത്തെ വീട്ടിലാണ് താമസം. മഹേഷ്, രഞ്‌ജിത്ത്, രഞ്‌ജിനി എന്നിവരാണ് മക്കൾ.