തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റു; കുഞ്ഞിനെ വാങ്ങിയത് മൂന്ന് ലക്ഷം രൂപ നൽകി

തിരുവനന്തപുരം: തലസ്ഥാനത്ത് നവജാത ശിശുവിനെ വിൽപ്പന നടത്തി. തിരുവനന്തപുരം തൈക്കാട് ആശുപത്രിയിൽ ജനിച്ച കുഞ്ഞിനെയാണ് വിറ്റത്.
കരമന സ്വദേശിയായ സ്ത്രീ മൂന്ന് ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.കഴിഞ്ഞ ബുധനാഴ്ചയാണ് കുട്ടിയെ വിറ്റ വിവരം ചെൽഡ് ലൈൻ പ്രവർത്തകർക്ക് കിട്ടിയത്.
തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കരമന സ്വദേശിനിയെ കണ്ടെത്തിയത്. എന്നാൽ ആദ്യം ചോദ്യം ചെയ്‌തപ്പോൾ ഇവർ താൻ തന്നെ പ്രസവിച്ചതാണെന്നായിരുന്നു പറഞ്ഞിരുന്നത്.
വീണ്ടും ചോദ്യം ചെയ്‌തപ്പോൾ മക്കളില്ലാത്തതിനാൽ കുഞ്ഞിനെ വാങ്ങുകയായിരുന്നുവെന്ന് സമ്മതിച്ചു. എന്നാൽ കുഞ്ഞിന്റെ മാതാപിതാക്കൾ ആരാണെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും ഇവർ മൊഴി നൽകി.തുടർന്ന് കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുക്കുകയും, തൈക്കാട് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റുകയും ചെയ്തു.
പതിനൊന്ന് ദിവസം മാത്രമാണ് കുഞ്ഞിന്റെ പ്രായം. ജനിച്ചയുടനെ വിൽപ്പന നടത്തുകയായിരുന്നുവെന്നാണ് വിവരം.
ആരാണ് കുട്ടിയെ വിറ്റതെന്നതിനെക്കുറിച്ച് സിഡബ്ല്യൂസി അന്വേഷിക്കുന്നു. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താൻ ശ്രമം തുടരുന്നു.സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടി.