ബീച്ച് ഫെസ്റ്റ് തുടങ്ങി മുഴപ്പിലങ്ങാട് ആഘോഷം വിരിഞ്ഞു

മുഴപ്പിലങ്ങാട്: നാലുവർഷത്തെ ഇടവേളയ്‌ക്കുശേഷം മുഴപ്പിലങ്ങാടിന് ആഘോഷരാവ് സമ്മാനിച്ച് ബീച്ച് ഫെസ്റ്റിന് തുടക്കമായി. കടലോരത്ത് തയ്യാറാക്കിയ ഫെസ്റ്റ് നഗരിയിലേക്ക് ഇനി ആയിരങ്ങളൊഴുകും. മെയ് ഏഴുവരെ നീളുന്ന ഫെസ്റ്റ് സ്പീക്കർ എ. എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. കെ നാരായണൻ അധ്യക്ഷനായി.
വി .പ്രഭാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം കെ. വി ബിജു, കെ ടി ഫർഷാന, പഞ്ചായത്ത് പ്രസിഡന്റ് ടി. സജിത, സി വിജേഷ്, കെ രത്നബാബു, എ. കെ ഇബ്രാഹിം, ഡി. കെ മനോജ്, ശിവദാസൻ, എം .സി സുധീർ ബാബു തുടങ്ങിയവർ സംസാരിച്ചു.
കലാ -സാംസ്കാരിക പരിപാടികൾ, പ്രദർശന വിപണനമേള, ഹൈടെക് അമ്യൂസ്മെന്റ് പാർക്ക്, ഭക്ഷ്യമേള, ഫ്ലവർഷോ തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായുണ്ടാകും.
മൈലാഞ്ചിയിടൽ, ഒപ്പന, കുട്ടികളുടെ പുഞ്ചിരി മത്സരം, ഫാഷൻ ഷോ, ഇരട്ടകളുടെ സംഗമം, സിനിമാറ്റിക്ഡാൻസ്, കരോക്കെ മലയാള സിനിമ ഗാനാലാപന മത്സരം, തിരുവാതിര, മാപ്പിളപ്പാട്ട്, പായസ മത്സരം, പാചകമത്സരം, കൈകൊട്ടിക്കളി തുടങ്ങി വിവിധ മത്സരങ്ങളും ഫെസ്റ്റിന്റെ ഭാഗമായുണ്ടാകും. വെള്ളി വൈകിട്ട് 7.30ന് മഴവിൽ മനോരമ ഫെയിം രഘു കാലിക്കറ്റ് അവതരിപ്പിക്കുന്ന വൺമാൻ ഷോ അരങ്ങേറും.