‘പൂട്ടേണ്ടിവരും’; ദീര്‍ഘദൂര സ്വകാര്യബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിനെതിരെ കെ .എസ് .ആർ. ടി. സി സുപ്രീം കോടതിയിൽ

ന്യൂഡല്‍ഹി: ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കാനുള്ള ഉത്തരവിനെതിരെ കെ .എസ് .ആർ. ടി. സി സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു.
സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിച്ചാല്‍ കനത്ത നഷ്ടത്തിലുള്ള കോര്‍പറേഷന്‍ അടച്ച് പൂട്ടേണ്ടിവരുമെന്നും സുപ്രീംകോടതിയില്‍ ഫയല്‍ചെയ്ത അപ്പീലില്‍ കെ .എസ് .ആർ. ടി. സി വ്യക്തമാക്കി.
140 കിലോമീറ്ററിന് മുകളില്‍ സര്‍വീസിനു പെര്‍മിറ്റ് ഉണ്ടായിരുന്നവര്‍ക്ക് താല്‍ക്കാലികമായി പുതുക്കി നല്‍കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.
സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ക്കു 140 കിലോമീറ്ററിനപ്പുറം സര്‍വീസ് അനുവദിക്കേണ്ടെന്നു ഗതാഗത വകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു.
കേരള മോട്ടര്‍ വാഹന ചട്ടത്തിലെ ഭേദഗതി അനുസരിച്ച് സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് പുതുക്കി കിട്ടാന്‍ അവകാശമില്ലെന്നാണ് കെ .എസ് .ആർ. ടി. സിയുടെ വാദം.
പൊതുതാത്പര്യം കണക്കിലെടുത്ത് ദീര്‍ഘദൂര സര്‍വീസുകള്‍ നടത്താനുള്ള അധികാരം തങ്ങളുടേത് മാത്രമാണെന്നാണ് അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.