ഇരുചക്ര വാഹനത്തില്‍ നാലു വയസ്സിനു മുകളിലുള്ള കുട്ടികളെ പൂര്‍ണയാത്രികരായി പരിഗണിക്കും

Share our post

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളില്‍ ഓടിക്കുന്നയാള്‍ക്കൊപ്പം യാത്രചെയ്യാന്‍ അനുമതിയുള്ളത് ഒരു കുട്ടിക്കുമാത്രം. നാലുവയസ്സിനുമുകളിലുള്ള കുട്ടികളെ പൂര്‍ണയാത്രികരായി പരിഗണിക്കും. ഹെല്‍മെറ്റ് നിര്‍ബന്ധം. കേന്ദ്രമോട്ടോര്‍ വാഹനനിയമത്തിലെ സെക്ഷന്‍ 129-ലാണ് ഇതേക്കുറിച്ച് പരാമര്‍ശമുള്ളത്.

ഒമ്പതുമാസത്തിനും നാലുവയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ ഇരുചക്രവാഹനത്തില്‍ കൊണ്ടുപോകുന്നുണ്ടെങ്കില്‍ കുട്ടിയെ ഡ്രൈവറുടെ ശരീരവുമായി 30 കിലോഗ്രാം ഭാരം വഹിക്കാന്‍ കഴിയുന്ന സേഫ്റ്റി ഹാര്‍നസ്സ് (ബെല്‍റ്റ്) കൊണ്ട് ബന്ധിപ്പിച്ചിരിക്കണം. കുട്ടികള്‍ ക്രാഷ് ഹെല്‍മെറ്റ് (ബൈസിക്കിള്‍ ഹെല്‍മെറ്റ്) ഉപയോഗിക്കണം.

നാലു വയസ്സുവരെ പ്രായമായ കുട്ടികളുമായി പോകുമ്പോള്‍ വേഗം മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടാന്‍ പാടില്ല. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 138(7)ലെ ഭേദഗതി ഫെബ്രുവരിമുതല്‍ നടപ്പായി.

കേന്ദ്രനിയമമെന്ന് മന്ത്രി ആന്റണി രാജു

അച്ഛനും അമ്മയ്ക്കുമൊപ്പം കുട്ടികളെയും ഇരുചക്രവാഹനത്തില്‍ കൊണ്ടുപോകാന്‍ കഴിയാത്തവിധത്തില്‍ നിയമം പരിഷ്‌കരിച്ചത് കേന്ദ്രസര്‍ക്കാരാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. സംസ്ഥാനസര്‍ക്കാരിന് ഇതില്‍ ഭേദഗതിയോ, ഇളവോ നല്‍കാന്‍ അധികാരമില്ല -മന്ത്രി വ്യക്തമാക്കി.

ഇതുവരെ പിഴയില്ല

കുട്ടികള്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാണെങ്കിലും സംസ്ഥാനത്ത് പിഴചുമത്തിത്തുടങ്ങിയിട്ടില്ല. എന്നാല്‍, ഇത്തരമൊരു ഇളവുള്ളകാര്യം പരസ്യമായി സമ്മതിക്കാന്‍ സര്‍ക്കാരിനോ ഉദ്യോഗസ്ഥര്‍ക്കോ കഴിയില്ല.

റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍വേണ്ടി നിയോഗിക്കപ്പെട്ട സുപ്രീംകോടതി സമിതിയുടെ കര്‍ശനനിരീക്ഷണത്തിലാണ് കേരളം. വാഹനാപകടങ്ങള്‍ കൂടുന്നതിനുപിന്നില്‍ നിയമം നടപ്പാക്കുന്നതിലെ വീഴ്ചയാണെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ഇളവ് പരസ്യമായി പ്രഖ്യാപിച്ചാല്‍ മന്ത്രിയും ഉദ്യോഗസ്ഥരും കുടുങ്ങും.

എ.ഐ. ക്യാമറ വരുമ്പോള്‍

നിര്‍മിതബുദ്ധി ക്യാമറകള്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയാലും പിഴചുമത്തുന്നത് ഉദ്യോഗസ്ഥരാണ്. സര്‍ക്കാര്‍ വിചാരിച്ചാല്‍ നിലവിലെ ഇളവ് തുടരാനാകും. എന്നാല്‍, ഉത്തരവായി ഇറക്കാന്‍ കഴിയില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!