നവജാതശിശുവിനെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി; പോലീസ് സ്ഥലത്തെത്തി, അന്വേഷണം
കോട്ടയം: വൈക്കം ഉല്ലലയില്‍ നവജാതശിശുവിനെ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി. ഇതരസംസ്ഥാന തൊഴിലാളികളുടെ കുഞ്ഞിനെയാണ് കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്.
മാതാപിതാക്കള്‍ തന്നെയാണ് കുഞ്ഞിനെ കുഴിച്ചിട്ടതെന്നാണ് പ്രാഥമികവിവരം. എന്നാല്‍ സംഭവത്തില്‍ വിശദമായവിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കഴിഞ്ഞദിവസം രാത്രി ഇതരസംസ്ഥാന തൊഴിലാളിയായ യുവതി കുഞ്ഞിന് ജന്മം നല്‍കിയെന്നും പിന്നീട് കുഞ്ഞിനെ കുഴിച്ചിട്ടെന്നുമാണ് ഇവരോടൊപ്പം താമസിച്ചിരുന്ന ചിലര്‍ പോലീസിനെ അറിയിച്ചത്.
ഇതനുസരിച്ച് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോളാണ് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.
ആര്‍.ഡി.ഒ.യുടെയും ഫൊറന്‍സിക് വിദഗ്ധരുടെയും സാന്നിധ്യത്തിൽ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുക്കും.സംഭവത്തില്‍ പല അവ്യക്തതകളും നിലനില്‍ക്കുന്നുണ്ട്.
ഇവിടെ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. മാസം തികയാതെയാണ് പ്രസവം നടന്നതെന്നും പ്രസവിച്ചയുടന്‍ കുഞ്ഞ് മരിച്ചെന്നും പറയപ്പെടുന്നു.
എന്നാല്‍ ഇക്കാര്യങ്ങളില്ലൊന്നും പോലീസ് ഔദ്യോഗികമായ സ്ഥിരീകരണമോ വിശദീകരണമോ നല്‍കിയിട്ടില്ല.