സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും; പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Share our post

തിരുവനന്തപുരം : മദ്ധ്യവേനലവധിയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ ഒന്നിന് തന്നെ തുറക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത അദ്ധ്യാപക സംഘടനകളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.വരുന്നവർഷം വിതരണം നടത്തേണ്ട ഒന്നാംവാല്യം പാഠപുസ്തകങ്ങളുടെ എണ്ണം 2,82,47,520 ആണ്.

ഇതിൽ 1,74,60,775 പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയാക്കി, വിതരണം പുരോഗമിക്കുന്നു. കുട്ടികൾക്ക് നൽകുന്ന അഞ്ചു കിലോഗ്രാം അരിയുടെ വിതരണം പൂർത്തിയായി. ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട സ്കൂൾ പി .ടി. എ പ്രസിഡന്റുമാരുടെ യോഗം മേയ് 5 മുതൽ 15 വരെ ജില്ലാതലത്തിൽ നടക്കും.

ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനും കിണറുകളും ടാങ്കുകളും ശുദ്ധീകരിക്കുന്നതിനുമുള്ള നടപടികൾ മേയ് 30ന് മുമ്പ് പി .ടി .എയുടെ സഹായത്തോടെ പൂർത്തിയാക്കും. സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് ഗ്രീൻ ക്യാമ്പസ് – ക്ലീൻ ക്യാമ്പസ് പദ്ധതി നടപ്പാക്കും.

എസ്. എസ്. എൽ. സി,​ സി. ബി .എസ്. ഇ പത്താം ക്ലാസ് റിസൾട്ട് വരുന്നതിനനുസരിച്ച് പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിക്കും. ഹയർ സെക്കൻഡറി ബാച്ച് പുനഃക്രമീകരിക്കുന്ന കമ്മിറ്റിയുടെ റിപ്പോർട്ട് പരിഗണിച്ച് സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. യോഗത്തിൽ 51 അദ്ധ്യാപക സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!