യുവതിക്കെതിരേ പീഡനക്കേസ് നല്‍കാന്‍ ആവശ്യപ്പെട്ട് 17-കാരനെ മര്‍ദിച്ചു; മുഖ്യപ്രതി പിടിയില്‍

Share our post

വരന്തരപ്പിള്ളി(തൃശ്ശൂര്‍): യുവതിയുടെ പേരില്‍ പീഡനക്കേസ് കൊടുക്കണമെന്നാവശ്യപ്പെട്ട് 17 വയസ്സുകാരനെ മര്‍ദിച്ച കേസില്‍ പ്രധാന പ്രതി അറസ്റ്റില്‍. വരന്തരപ്പിള്ളി കലവറക്കുന്ന് മുല്ലയ്ക്കല്‍ സുമനെ(40)യാണ് വരന്തരപ്പിള്ളി പോലീസ് പിടികൂടിയത്.

സംഭവത്തെത്തുടര്‍ന്ന് ഒളിവിലായിരുന്ന പ്രതിയെ വരന്തരപ്പിള്ളി പോലീസ് എസ്.എച്ച്.ഒ. എസ്. ജയകൃഷ്ണന്റെ നേതൃത്വത്തില്‍ വടക്കാഞ്ചേരിയില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്.

വരന്തരപ്പിള്ളി സ്റ്റേഷനില്‍ ഏഴ് ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കേസില്‍ വേലൂപ്പാടം പൗണ്ട് കാട്ടാളന്‍ വീട്ടില്‍ ജിബിന്‍ (33), കല്ലൂര്‍ പച്ചളിപ്പുറം മണമേല്‍ നിഖില്‍ (കുട്ടാപ്പി-34), വരന്തരപ്പിള്ളി തെക്കുമുറി വെട്ടിയാട്ടില്‍ ശ്രീജിത്ത് (35) എന്നിവരെ നേരത്തേ പിടികൂടിയിരുന്നു.

വരന്തരപ്പിള്ളി സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥിയെ പ്രതികള്‍ കുറുമാലിപ്പുഴയോരത്തേക്ക് വിളിച്ചുവരുത്തി സംഘം ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് പരാതി. യുവതിക്കെതിരേയുള്ള പരാതി പോക്‌സോ വകുപ്പില്‍പ്പെടുത്തുന്നതിനാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പരാതിക്കാരനാക്കാന്‍ പ്രതികള്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

ഒടുവില്‍ നിര്‍ബന്ധത്തിനു വഴങ്ങിയ കുട്ടി സ്വന്തം ഫോണില്‍നിന്ന് ചൈല്‍ഡ് ലൈനിലേക്ക് വിളിച്ച് പ്രതികള്‍ പറഞ്ഞ പ്രകാരം പരാതിപ്പെട്ടു. മര്‍ദനമേറ്റ് അവശനായ കുട്ടി പുതുക്കാട് താലൂക്ക് ആസ്പത്രിയിലും തുടര്‍ന്ന് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജിലും ചികിത്സ തേടി.

പതിനേഴുകാരന്റെ സുഹൃത്തുക്കളെയും സംഘം മര്‍ദിച്ചതായി പരാതിയുണ്ട്. ഇവരും അക്രമികളുമായി മുന്‍പരിചയമുണ്ടോയെന്നും യുവതിക്ക് സംഭവവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നതായി പോലീസ് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!