സഹകരണ സംഘം തെരഞ്ഞെടുപ്പ്: സ്ഥിര നിക്ഷേപ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണ കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍

Share our post

അടിമാലി: സഹകരണസംഘം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സ്ഥിരനിക്ഷേപ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു എന്ന കേസില്‍ 12 പ്രതികളില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കി.

അടിമാലി റൂറല്‍ സഹകരണ സംഘത്തിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് കേസ് ഉണ്ടായത്.

മുന്‍ ജില്ലാ പഞ്ചായത്ത് അംഗം അടിമാലി മാട്ടേല്‍ ഇന്‍ഫെന്റ് തോമസ്, പുല്ലന്‍ വീട്ടില്‍ അജീഷ് ജോയി എന്നിവരെയാണ് ചൊവ്വ വൈകിട്ട് അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാണ്ട് ചെയ്തു. കോണ്‍ഗ്രസ് ഡി.സി.സി അംഗം അടിമാലി കുന്നത്തുചാലില്‍ ഹാപ്പി കെ വര്‍ഗീസ്, പരണായില്‍ ലിജി ജിസ്സ്, വാളറ പരണായില്‍ ജിസ് പോള്‍, ചാറ്റുപാറ കൂവപ്പറമ്പില്‍ അനില്‍കുമാര്‍, ദേവിയാര്‍ കോളനി പുലക്കുടിയില്‍ ഷാബു ജോസഫ്, മന്നംകാല മുക്കാല്‍ ഏക്കര്‍ ചെങ്ങനാട്ട് എന്‍സന്‍, ഇരുമ്പുപാലം കാഞ്ഞിരത്തിങ്കല്‍ റോയി ജോസഫ്, അടിമാലി കരിങ്കുളം കുന്നുംപുറത്ത് കോമളം, അടിമാലി ചെമ്പോത്തിങ്കല്‍ രാജമ്മ, അടിമാലി കല്ലുവെട്ടാന്‍ കുഴിയില്‍ കുര്യന്‍, എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ഇവര്‍ ഒളിവിലാണെന്നും വൈകാതെ അറസ്റ്റ് ചെയ്യുമെന്നും അടിമാലി പൊലീസ് പറഞ്ഞു.

സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞവര്‍ഷം ഒക്ടോബറിലെ സഹകരണ സംഘം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഭവത്തിന് തുടക്കം. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്നതായിരുന്നു ചട്ടം.

ഇതനുസരിച്ച് എല്‍.ഡി.എഫ്, യു.ഡി.എഫ് പാനലുകളില്‍ നിന്നുമായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എല്‍.ഡി.എഫ് പാനലില്‍ 9 പേരാണ് പത്രിക സമര്‍പ്പിച്ചത്. യു.ഡി.എഫ് പാനലില്‍ 12 പേര്‍ പത്രിക സമര്‍പ്പിച്ചു.

പത്രികയോടൊപ്പം മുപ്പതിനായിരം രൂപ വീതം സ്ഥിര നിക്ഷേപം ഉണ്ടെന്ന് സര്‍ട്ടിഫിക്കറ്റും ഹാജരാക്കി. എന്നാല്‍ സൊസൈറ്റി രേഖകളില്‍ സ്ഥിര നിക്ഷേപത്തിന്റെ കണക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. മുന്‍പ് ഇതേ സഹകരണ സംഘത്തില്‍ അഗ്‌നിബാധ ഉണ്ടായ സംഭവം വിവാദമായിരുന്നു.

കുറെ രേഖകളും അന്ന് അഗ്‌നിക്ക് ഇരയായിരുന്നു. പക്ഷേ സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന തീയതിയിലുള്ള രേഖകള്‍ സംഘത്തില്‍ ഉണ്ടായിരുന്നതായി വാദി ഭാഗം കോടതി അറിയിച്ചു.

ഇതോടെ സംഘം അഡ്മിനിസ്ട്രെറ്റീവ് കണ്‍വീനര്‍ ടി കെ സുധേഷ് കുമാര്‍ പരാതി നല്‍കി. തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടത്താനായില്ലെന്നും പൊലീസ് പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതിപട്ടികയില്‍ ഉള്ളവര്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി.

അപേക്ഷ കോടതി തള്ളിയതോടെ ഇവര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയും ജാമ്യഅപേക്ഷ തള്ളിയതോടെയാണ് രണ്ടുപേരെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!