അരിക്കൊമ്പനെ മാറ്റുന്നത് രഹസ്യമായി; സർക്കാർ നിർദേശം അംഗീകരിച്ച് ഹൈക്കോടതി

കൊച്ചി: അരിക്കൊമ്പനെ എവിടേക്ക് മാറ്റണമെന്ന സർക്കാർ നിർദേശങ്ങൾ രഹസ്യമാക്കി വയ്ക്കണമെന്ന് ഹൈക്കോടതി. വന്യജീവി ശല്യം തടയാൻ എല്ലാ ജില്ലകളിലും ടാസ്ക് ഫോഴ്സ് വേണമെന്നും ഹൈക്കോടതി നിർദേശിച്ചു.
അതേസമയം അരിക്കൊമ്പനെ മാറ്റാൻ പറമ്പിക്കുളത്തിന് പകരം മറ്റൊരു സ്ഥലം നിർദേശക്കില്ലെന്നും എവിടേക്ക് മാറ്റണമെന്ന് വിദഗ്ധ സമിതി തീരുമാനിക്കട്ടേയെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
അരിക്കൊമ്പനെ എവിടേക്ക് മാറ്റണമെന്ന സ്ഥലങ്ങളുടെ വിവരങ്ങളടങ്ങിയ നിർദേശം സർക്കാർ മുദ്രവെച്ച കവറിൽ കൈമാറാമെന്നും ഇക്കാര്യം പരസ്യപ്പെടുത്തരുതെന്നും ഹെെക്കോടതിയെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് സർക്കാരിന്റെ നിർദേശം ഹൈക്കോടതി അംഗീകരിച്ചത്.
പറമ്പിക്കുളത്തിന് പകരം മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയാണെങ്കിൽ വലിയ പ്രതിഷേധമുണ്ടാകുമെന്ന ആശങ്കയിലാണ് സർക്കാർ.
പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ മാറ്റുന്നതിൽ വലിയ പ്രതിഷേധമുണ്ട്. അതുകൊണ്ട് തന്നെ മറ്റ് ചില നിർദേശങ്ങൾ സർക്കാർ വിദഗ്ധ സമിതിക്ക് മുന്നിലേക്ക് വയ്ക്കുന്നു. എന്നാൽ ഈ നിർദേശങ്ങൾ എന്തൊക്കെയാണെന്ന് വെളിപ്പെടുത്താൻ സർക്കാർ തയാറായിട്ടില്ല.
വിദഗ്ധ സമിതി യോഗം ചേർന്ന് ആനയെ എവിടേക്ക് മാറ്റണമെന്ന് തീരുമാനിക്കുക. അവിടേക്ക് മാറ്റാമെന്നാണ് സർക്കാരിന്റെ നിലപാട്.
സർക്കാർ നിർദേശിച്ചിരിക്കുന്ന സ്ഥലങ്ങളിലേക്ക് ആനയെ മാറ്റാൻ സാധിക്കുമോ എന്ന് പരിശോധിച്ച ശേഷമായിരിക്കും നടപടി.
അരിക്കൊമ്പനെ മാറ്റുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് കോടതി അടുത്ത മാസം മൂന്നിലേക്ക് മാറ്റിയിട്ടുണ്ട്.