മതം ഏതായാലും പിതാവിൽ നിന്ന് വിവാഹധനസഹായത്തിന് പെൺമക്കൾക്ക് അർഹതയുണ്ട് -ഹൈക്കോടതി

കൊച്ചി: ഏതു മതത്തിൽപ്പെട്ടതാണെങ്കിലും പിതാവിൽനിന്നുള്ള വിവാഹധനസഹായത്തിന് പെൺമക്കൾക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി.
പിതാവിൽനിന്ന് വിവാഹച്ചെലവ് ലഭിക്കുകയെന്നത് അവിവാഹിതരായ പെൺമക്കളുടെ നിയമപരമായ അവകാശമാണെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത്കുമാറും ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. ക്രിസ്ത്യൻ വിഭാഗത്തിൽ ഉൾപ്പെട്ട രണ്ട് പെൺമക്കൾ നൽകിയ ഹർജിയിലാണ് ഉത്തരവ്.
വിവാഹബന്ധത്തിലെ അസ്വാരസ്യം കാരണം ഹർജിക്കാരുടെ മാതാപിതാക്കൾ അകന്നുകഴിയുകയാണ്. മക്കൾ അമ്മയോടൊപ്പമാണ്. വിവാഹച്ചെലവിന് 45 ലക്ഷം അനുവദിക്കണം എന്നാവശ്യപ്പെട്ട് മക്കൾ പാലക്കാട് കുടുംബക്കോടതിയിൽ കേസ് ഫയൽചെയ്തിരുന്നു.
7.5 ലക്ഷം അനുവദിക്കാനായിരുന്നു ഉത്തരവ്. കുറഞ്ഞതുക നിശ്ചയിച്ചതിനെതിരേയാണ് പെൺമക്കൾ ഹൈക്കോടതിയെ സമീപിച്ചത്.
മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി പണം ചെലവഴിച്ചെന്നും ഇനിയും പണം നൽകാനാകില്ലെന്നുമായിരുന്നു പിതാവിന്റെ വാദം.
ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട ഹർജിക്കാർ പിതാവിൽനിന്ന് വിവാഹച്ചെലവിന് അവകാശം ഉന്നയിക്കാനാകുമോ എന്നതാണ് കോടതി പരിഗണിച്ചത്.
ഹിന്ദു ഏറ്റെടുക്കൽ നിയമപ്രകാരം അവിവാഹിതരായ ഹിന്ദുയുവതികൾ പിതാവിൽനിന്ന് വിവാഹസഹായം ലഭിക്കാൻ അർഹരാണ്.
2011-ൽ ഇസ്മയിൽ-ഫാത്തിമ കേസിൽ ഏതു മതത്തിൽപ്പെട്ട പിതാവിനും പെൺമക്കളുടെ വിവാഹത്തിന് സഹായം നൽകാൻ ബാധ്യതയുണ്ടെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
ഹർജിക്കാർ പെന്തകോസ്ത് വിഭാഗത്തിൽപ്പെട്ടവരായതിനാൽ സ്വർണം ഉപയോഗിക്കാറില്ല. അതിനാൽ സ്വർണം വാങ്ങാനായി ആവശ്യപ്പെട്ട പണം കുറച്ച് വിവാഹസഹായമായി 15 ലക്ഷം രൂപ നൽകാനും ഉത്തരവിട്ടു.