തലശ്ശേരി ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി കെ. സുധാകരൻ; ക്രൈസ്തവ വിഭാഗം എന്നും കോൺഗ്രസിനൊപ്പമെന്ന് പ്രതികരണം

കണ്ണൂർ: തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ കൂടിക്കാഴ്ച നടത്തി. വൈകീട്ട് 5.30യോടെ അരമനയിലെത്തിയാണ് ആർച്ച് ബിഷപ്പുമായി സുധാകരൻ കൂടിക്കാഴ്ച നടത്തിയത്.
ക്രൈസ്തവ വിഭാഗം എന്നും കോൺഗ്രസിനൊപ്പം പാരമ്പര്യമായി നിന്നവരെന്ന് കെ. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. സ്വാതന്ത്ര്യ കാലം മുതൽ ഇന്ന് വരെ കോൺഗ്രസിനെ കൈവിട്ട രാഷ്ട്രീയ സാഹചര്യം ഉണ്ടായിട്ടില്ല.
കേരളത്തിലെ വൈദിക സമൂഹത്തോട് ഒരു അവിശ്വാസവും കോൺഗ്രസിനില്ല. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും മറ്റ് രാജ്യങ്ങളിലും നേരിടുന്ന അനുഭവങ്ങൾ അവർക്ക് നന്നായി അറിയാമെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
കോൺഗ്രസിന്റെ രാഷ്ട്രീയാധികാര സമിതി ഈ മാസം 20ന് ചേരാനിരിക്കെയാണ് ബിഷപ്പ് ഹൗസ് സന്ദർശനത്തിന്റെ തുടക്കം കെ.പി.സി.സി അധ്യക്ഷന്റെ നാട്ടിൽ നിന്ന് ആരംഭിച്ചത്. വരും ദിവസങ്ങളിൽ മറ്റ് ബിഷപ്പുമാരെയും കോൺഗ്രസ് സംസ്ഥാന നേതൃത്വം സന്ദർശിക്കുമെന്നാണ് വിവരം.
കേരളത്തിലെ ക്രൈസ്തവ മതമേലധ്യക്ഷന്മാരെ കോൺഗ്രസ് നേതാക്കൾ കാണണമെന്നും അത് തിണ്ണ നിരങ്ങലായി കാണേണ്ടതില്ലെന്നും കെ. മുരളീധരൻ എം.പി പരസ്യമായി പറഞ്ഞിരുന്നു.