അയ്യൻകുന്നിൽ റീബിൽഡ് കേരള റോഡ് നിർമാണം: വിവാദം, പ്രതിഷേധം

ഇരിട്ടി: പ്രളയ പുനർനിർമാണ പദ്ധതിയായ റീബിൽഡ് കേരളയിൽപ്പെടുത്തി നവീകരിക്കുന്ന എടൂർ- കമ്പിനിനിരത്ത്- ആനപ്പന്തി- അങ്ങാടിക്കടവ്- വാണിയപ്പാറ- കച്ചേരിക്കടവ്- പാലത്തുംകടവ് റോഡിന്റെ നിർമാണത്തിനെതിരെയുള്ള ആരോപണങ്ങളും വിവാദങ്ങളും കനക്കുന്നു.
റോഡ് നിർമാണത്തിലെ അഴിമതിക്കും അപാകതക്കുമെതിരെ നിരവധി സമരങ്ങളും നിവേദനങ്ങളും നൽകിയ നാട്ടുകാർ ഒടുവിൽ നിർമാണം തടഞ്ഞ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇതൊന്നും കരാറിൽ ഉൾപ്പെട്ടില്ലെന്ന വാദം ഉയർത്തിയാണ് കരാറുകാരൻ പ്രതിരോധിച്ചത്. ഇപ്പോൾ റോഡിന്റെ ഒരുഭാഗം തന്നെ ഒഴിവാക്കിക്കൊണ്ട് പ്രവൃത്തി അവസാനിപ്പിക്കാനുള്ള നീക്കം കൂടിയായതോടെയാണ് നാട്ടുകാർ ഒന്നാകെ പ്രതിഷേധത്തിനിറങ്ങിയത്.
നാട്ടുകാർ സ്ഥലം സൗജന്യമായാണ് റോഡ് വീതികൂട്ടാൻ വിട്ടുനൽകിയത്. നിലവിലുള്ള വീതിക്ക് ആനുപാതികമായി 7.5 മീറ്റർ മുതൽ 10 മീറ്റർ വരെ വീതിയിലുള്ള മെക്കാഡം ടാറിങ്ങാണ് നടത്തേണ്ടിയിരുന്നത്. എന്നാൽ സ്ഥലംലഭിച്ചിട്ടും പലഭാഗങ്ങളിലും ടാറിങ് വീതിയില്ലെന്ന ആരോപണവും ശക്തമാണ്.
കോടികൾ മുടക്കിയിട്ടും നിർമാണം ശാസ്ത്രീയമാകാഞ്ഞത് നിർമാണത്തിൽ വൻഅഴിമതി നടന്നത് കാരണമാണെന്നാണ് നാട്ടുകാർ പറയുന്നത്.
പ്രതിഷേധത്തിന് കെ.പി. വാവച്ചൻ, സുനീഷ് ചക്കാനിക്കുന്നേൽ, സിജോ കല്ലാനി, റോജസ് മാത്യു, ഡിറ്റോ പല്ലാട്ടുക്കുന്നേൽ എന്നിവർ നേതൃത്വം നൽകി. അയ്യൻകുന്ന് പഞ്ചായത്ത് അംഗങ്ങളായ ഐസക്ക് ജോസഫ്, ബിജോയി പ്ലാത്തോട്ടം എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.