Kerala
കേരളത്തിൽ വേനല്‍ച്ചൂട് ഇനിയും ഉയരും; വിവിധ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ ചൂട് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് പല ജില്ലകളിലും സാധാരണ ദിവസങ്ങളിലേക്കാള്‍ താപനില ഉയരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളില്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില വര്‍ധിക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശങ്ങള്‍
പൊതുജനങ്ങള്‍ പകല്‍ 11 മണി മുതല്‍ മൂന്നുമണിവരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം എല്ക്കുന്നത് ഒഴിവാക്കുക.
ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനല്‍ മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.
പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
നിര്‍ജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതാണ്.
വേനല്‍ ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
വേനല്‍ക്കാലത്ത് മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തം വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തുകയും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുകയും ക്ലാസ്സ് മുറികളില്‍ വായുസഞ്ചാരം ഉറപ്പാക്കുകയും ചെയ്യണം. പരീക്ഷാക്കാലമായതിനാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. കുട്ടികളെ വിനോദസഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ പകല്‍ 11 മണി മുതല്‍ മൂന്നുമണിവരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക.
അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ മൂന്നു മണിവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. അവര്‍ക്ക് ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദ്ദേശം നല്‍കുകയും ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യണം.
മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസുകാര്‍ക്ക് കുടിവെള്ളം നല്കി നിര്‍ജ്ജലീകരണം തടയുവാന്‍ സഹായിക്കുക.
യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യില്‍ കരുതുക.
നിര്‍മ്മാണ തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പുവരുത്തുക.
ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കുക.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒ.ആര്.എസ്. ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.
അസ്വസ്ഥത അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
Kerala
കൂടെ ജോലി ചെയ്ത യുവതിയുടെ ലാപ്ടോപ്പ് കടംവാങ്ങി; നാല് മാസം കഴിഞ്ഞ് തിരികെ കൊടുത്തപ്പോൾ യുവതിയുടെ നഗ്ന ചിത്രങ്ങൾ

ബംഗളുരു: ഒപ്പം ജോലി ചെയ്തിരുന്ന യുവതികളുടെ നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് ഉണ്ടാക്കുകയും ടെലഗ്രാമിൽ അപ്ലോഡ് ചെയ്യുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്ത് കടം വാങ്ങിയ ലാപ്ടോപ്പ് തിരികെ കിട്ടിയപ്പോൾ അതിൽ തന്റെയും മറ്റ് ചിലരുടെയും നഗ്ന ചിത്രങ്ങൾ കണ്ട ഒരു യുവതിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. യുവതികളിലൊരാൾ പ്രതി വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ ഇതിനിടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ബംഗളുരുവിൽ താമസിക്കുന്ന ആഷിഷ് മൊന്നപ്പ (30) ആണ് പിടിയിലായത്. മടിക്കേരി സ്വദേശിയായ ഇയാളുടെ കുടുംബം ഹൊസൂരിലാണ് ഏറെ നാളായി താമസിച്ചിരുന്നത്. നേരത്തെ ഒരു ഫിനാൻസ് കമ്പനിയിൽ സ്പെഷ്യലിസ്റ്റായി ജോലി ചെയ്തിരുന്ന സമയത്ത് അതേ സ്ഥാപനത്തിലുണ്ടായിരുന്ന ചില സഹപ്രവർത്തകരുമായി ഇയാൾ പരിചയം സ്ഥാപിച്ചിരുന്നു. ഇവരുടെ നഗ്ന ചിത്രങ്ങളാണ് യുവാവ് മോർഫ് ചെയ്തുണ്ടാക്കിയത്.
ഇക്കഴിഞ്ഞ ജനുവരിയിൽ ആശിഷ് ഒരു യുവതിയെ സമീപിച്ച് ലാപ്ടോപ്പ് കടം ചോദിച്ചു. തനിക്ക് ചില ജോലികൾക്ക് അപേക്ഷിക്കാൻ റെസ്യൂമെ തയ്യാറാക്കണമെന്നും അതിനായി കുറച്ച് ദിവസത്തേക്ക് ലാപ്ടോപ് തരുമോ എന്നുമാണ് ചോദിച്ചത്. യുവതി ജനുവരി 14ന് ലാപ്ടോപ് കൊടുത്തു. പിന്നീട് ഏപ്രിൽ മാസത്തിലാണ് ഇത് തിരിച്ച് ചോദിച്ചത്. ദിവസങ്ങൾക്കകം ഇയാൾ ലാപ്ടോപ്പ് കൊണ്ട് കൊടുക്കുകയും ചെയ്തു. എന്നാൽ പിന്നീട് യുവതി ലാപ്ടോപ്പിലെ ഫോൾഡറുകൾ പരിശോധിച്ചപ്പോഴാണ് തന്റെയും സുഹൃത്തുക്കളുടെയും ഉൾപ്പെടെ നൂറുകണക്കിന് മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടത്. ഇന്റർനെറ്റിൽ നിന്ന് അശ്ലീച ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത ശേഷം അതിൽ യുവതികളുടെ ചിത്രങ്ങൾ ഉപയോഗിച്ച് വ്യാജ ചിത്രങ്ങളുണ്ടാക്കുകയായിരുന്നു എന്നാണ് കണ്ടെത്തിയത്. യുവതി ഇത് മറ്റ് സുഹൃത്തുക്കളെ അറിയിച്ചു. ഫോട്ടോകൾ ഇയാൾ ടെലഗ്രാമിൽ അപ്ലോഡ് ചെയ്തതായും ഇവർ കണ്ടെത്തി.
യുവതികളെല്ലാം ചേർന്ന് ആശിഷിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചു. ഇതിനായി കാര്യം പറയാതെ കഴിഞ്ഞയാഴ്ച ഒരു ദിവസം രാത്രി 9.30ഓടെ യുവതി ഇയാളെ വിളിച്ചുവരുത്തി. തുടർന്ന് ഫോട്ടോകളെക്കുറിച്ച് ചോദിച്ചപ്പോൾ പെട്ടെന്ന് തന്റെ ഫോൺ പോലും ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. താനും സുഹൃത്തുക്കളും ഏറെ മാനസിക സമ്മർദം അനുഭവിച്ചതായി യുവതിയുടെ പരാതിയിൽ പറഞ്ഞു. പൊലീസ് കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്തു. ഫോട്ടോകൾ എവിടെയും അപ്ലോഡ് ചെയ്തിട്ടില്ലെന്ന് ഇയാൾ പറഞ്ഞു. ലാപ്ടോപ്പ് തിരിച്ച് കൊടുത്തപ്പോൾ ഡിലീറ്റ് ചെയ്യാൻ മറന്നുപോയതാണെന്നായിരുന്നു വാദം. ഇയാൾ ചിത്രങ്ങൾ എവിടെയെങ്കിലും പ്രചരിപ്പിച്ചിട്ടുണ്ടോ എന്നറിയാൻ പൊലീസ് പരിശോധന തുടങ്ങിയിട്ടുണ്ട്.
Kerala
വ്യവസായ സാധ്യതകള്‍ തുറന്ന് ‘എന്റെ കേരളം: സ്റ്റാര്‍ട്ടപ്പുകളുടെ നാട്’ സെമിനാര്‍ ശ്രദ്ധേയമായി

സംരംഭകത്വ മേഖലയിലേക്ക് യുവതലമുറയെ ആകര്‍ഷിച്ച് ‘എന്റെ കേരളം-സ്റ്റാര്‍ട്ടപ്പുകളുടെ നാട്’ സെമിനാര്‍. രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ ഒന്നാം ദിവസം നടന്ന സെമിനാര്‍ വ്യവസായ മേഖലയുടെ സാധ്യതകള്‍ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുവെച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. തൊഴില്‍ മേഖല ഏതായാലും അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നോട്ടുപോകണമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ സി അജിമോന് അധ്യക്ഷനായി.
മൂന്നു സെഷനുകളിലായി നടന്ന സെമിനാറില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പദ്ധതികളും സേവനങ്ങളും എന്ന വിഷയത്തില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് അസിസ്റ്റന്റ് മാനേജര്‍ ജി. അരുണ്‍ വിഷയാവതരണം നടത്തി. സംരംഭത്തിനായി കെഎസ്യുഎം നല്കുന്ന വിവിധ ഫണ്ടിങ് സ്കീമുകളെക്കുറിച്ചുള്ള വിവരങ്ങളും സംശയ ദൂരീകരണങ്ങളും സെമിനാറില്‍ നടന്നു. പത്ത് വര്‍ഷത്തിനുള്ളില്‍ സോഫ്റ്റ് ഫ്രൂട്ട് സൊല്യൂഷന്‍സ്, പ്ലേ സ്പോട്സ്, പിക്സല്‍ ആന്‍ഡ് പെപ്പര്‍ എന്നീ കമ്പനികള്‍ വളര്‍ത്തിയെടുത്ത അംജാദ് അലി, തന്റെ സംരംഭത്തിന്റെ വിജയഗാഥയെക്കുറിച്ച് പരിപാടിയില്‍ സംസാരിച്ചു.
വ്യവസായ വകുപ്പിന്റെ പദ്ധതികളും വിവിധ സേവനങ്ങളും എന്ന വിഷയത്തില്‍ തളിപ്പറമ്പ് ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ എം. സുനില്‍ സെമിനാര്‍ അവതരിപ്പിച്ചു. പി എം ഇ ജി പി, ഇ എസ് എസ്, ഒ എഫ് ഒ ഇ, പി എം എഫ് എം ഇ, മിഷന് 1000, കേരള ബ്രാന്‍ഡ്, കെ സ്വിഫ്റ്റ് എന്നീ സ്കീമുകളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഇത്തരം പദ്ധതികള്‍ കേരളത്തിന്റെ സാമ്പത്തിക ഭാവിയെ ഉയരത്തിലേക്ക് നയിക്കുമെന്ന് സെമിനാര്‍ വിലയിരുത്തി. 170 ലധികം സംരംഭകര്‍ സെമിനാറിന്റെ ഭാഗമായി. പരിപാടിയില്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഡോ. എം സുര്‍ജിത് സംസാരിച്ചു.
Kerala
കേരളത്തിൽ ചൂടേറുന്നു, ഈ അഞ്ച് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: കേരളത്തിൽ പല ജില്ലകളിലും ചൂട് കൂടി വരുന്ന സാഹചര്യത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന്, മെയ് 8 ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് തുടങ്ങിയ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേ സമയം ഇന്നും നാളെയും പാലക്കാട് ജില്ലയിൽ താപനില 37°C വരെയും, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 36°C വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യതയും പ്രഖ്യാപിച്ചു. അടുത്ത 5 ദിവസത്തേക്ക് അലർട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.. എന്നാൽ അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്