ശ്മശാന വളപ്പിൽ ഗ്യാസ് സിലിണ്ടറുകൾ ഉപേക്ഷിച്ച നിലയിൽ

പരിയാരം: ചുടല കപ്പണത്തട്ട് ശ്മശാന വളപ്പിൽ ഗ്യാസ് സിലിണ്ടറുകൾ ഒളിപ്പിച്ചു വച്ചനിലയിൽ കണ്ടെത്തി. കുപ്പത്ത് മരിച്ച യുവതിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയവരാണ് കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിൽ ഗ്യാസ് സിലിണ്ടറുകൾ കണ്ടെത്തിയത്.
പരിയാരം പൊലീസെത്തി അവ കസ്റ്റഡിയിലെടുത്തു. ഏപ്രിൽ മൂന്നിന് ഏഴോം അടിപ്പാലത്ത് പൊന്നന്റകത്ത് അബ്ദുള്ള ഹാജിയുടെ വീട് കുത്തിത്തുറന്ന് രണ്ട് ഗ്യാസ് സിലിണ്ടറുകൾ കവർച്ച ചെയ്തിരുന്നു.
അബ്ദുള്ള ഹാജിയും ഭാര്യയും രണ്ട് ദിവസം ചുമടുതാങ്ങിയിലെ മകളുടെ വീട്ടിലായിരുന്നു താമസം. ഈ സമയമായിരുന്നു കവർച്ച.
വീടിന്റെ വാതിൽ തകർത്ത് അകത്തു കയറിയ കള്ളന് പണം സൂക്ഷിച്ച അലമാര കുത്തിത്തുറക്കാൻ കഴിഞ്ഞില്ല. നിരാശനായ കള്ളൻ ഗ്യാസ് സിലിണ്ടറുകളുമായാണ് സ്ഥലംവിട്ടത്. ഇതാണ് ശ്മശാനപ്പറമ്പിൽ ഒളിപ്പിച്ചുവച്ചതെന്നാണ് നിഗമനം.