ഇവർ വിഷു ദിനത്തിലും പട്ടിണിയിലാണ്..

മാഹി: നാടെങ്ങും വിഷു ആഘോഷം പൊടിപൊടിക്കുമ്പോൾ, മയ്യഴിയിലെ നൂറ് കണക്കിന് തൊഴിലാളി കുടുംബങ്ങളിൽ തീ പുകയില്ല. മയ്യഴിയിലെ ഏക പൊതുമേഖലാ സ്ഥാപനമായ മാഹി സ്പിന്നിംഗ് മിൽ അടച്ചിട്ടിട്ട് മൂന്ന് വർഷമായി.
സ്ഥിരം തൊഴിലാളികളായ 200 പേർക്ക് 6 മാസം മുമ്പ് വരെ 35 ശതമാനം ശമ്പളം ലഭിച്ചിരുന്നുവെങ്കിൽ പിന്നീട് അതുമില്ല. 200 താൽക്കാലികൾക്ക് മൂന്ന് വർഷമായി ചില്ലിക്കാശുമില്ല.
നീണ്ടു നിന്ന സമരങ്ങളും, കട ക്കെണിയിൽപ്പെട്ട് ആത്മഹത്യ പോലുമുണ്ടായിട്ടും, സർക്കാർ വാക്ക് പാലിച്ചില്ല. തൊഴിലാളി കുടുംബങ്ങൾ തീർത്തും പട്ടിണിയിണ്.ഇതിന് പുറമെ പുതുച്ചേരി സർക്കാറിന്റെ കീഴിലുള്ള കോർപ്പറേഷനുകളായ പാപ്സ് കോ, പോണ്ടെക് സ്, പാസിക് എന്നീ മാഹിയിലുള്ള സ്ഥാപനങ്ങൾ പ്രവർത്തന രഹിതമായിട്ട്, അഞ്ച് വർഷങ്ങളായി. വല്ലപ്പോഴും എന്തെങ്കിലും കിട്ടിയാലായെന്നതാണ് തൊഴിലാളികളുടെ സ്ഥിതി.
പി.എഫ്.വിഹിതം അടയ്ക്കാത്തതിനാൽ ഇ.എസ്.ഐ ആനുകൂല്യങ്ങളടക്കം കിട്ടുന്നില്ല. പെൻഷനായവർക്കുള്ള ആനുകൂല്യങ്ങളും അവതാളത്തിലായി.തലോടലല്ല, അടിയാണ്..മുൻകാലങ്ങളിൽ വിഷുവിന് അരിയും, പഞ്ചസാരയുമെല്ലാം സർക്കാർ സൗജന്യമായി റേഷൻ കാർഡുടമകൾക്ക് നൽകിയിരുന്നു. ഇപ്പോൾ അതുമില്ല.
അതിനിടെ ശമ്പളമില്ലാതെ ജോലി ചെയ്യുന്ന പോണ്ടെക്സിലെ ജീവനക്കാരനെ മാഹിയിൽ നിന്നും കാരിക്കലിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്. ലാഭത്തിലോടിയിരുന്ന ഈ സ്ഥാപനങ്ങളൊക്കെ അധികൃതരുടെ കെടുകാര്യസ്ഥത കൊണ്ടാണ് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്.