ശബരിമല വിമാനത്താവളം ; ലക്ഷ്യം നേടിയത്‌ തടസ്സങ്ങൾ മറികടന്ന് , സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയം

Share our post

ന്യൂഡൽഹി: കേരളത്തിന്റെ നിരന്തരസമ്മർദം ഫലം കാണുന്നു. കോട്ടയം എരുമേലിയിലെ നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ്‌ രാജ്യാന്തര വിമാനത്താവളത്തിന്‌ വ്യോമയാന മന്ത്രാലയത്തിന്റെ എല്ലാ അനുമതിയും ലഭിച്ചു.

ശബരിമല പദ്ധതി മധുര വിമാനത്താവളത്തെ ബാധിക്കില്ലെന്ന മൂന്നാംകക്ഷി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളം നൽകിയ മറുപടിയും മന്ത്രാലയം അംഗീകരിച്ചു.

നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ വരുമാനത്തെയും പ്രവർത്തനത്തെയും ശബരിമല പദ്ധതി ബാധിക്കില്ലെന്ന്‌ നേരത്തേ പഠന റിപ്പോർട്ടുകൾ ലഭിച്ചു.

ശബരിമല പദ്ധതിക്ക്‌ അനുമതി നൽകുന്നതിൽ നിരന്തരം ഉടക്കിട്ട കേന്ദ്ര സർക്കാർ നിലപാടിനെ രാഷ്‌ട്രീയ ഇച്ഛാശക്തിയോടെ നേരിട്ടാണ്‌ സംസ്ഥാന സർക്കാർ ലക്ഷ്യം നേടിയത്‌.

സംസ്ഥാന സർക്കാർ കേരള സ്‌റ്റേറ്റ്‌ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ (കെഎസ്ഐഡിസി) വഴി 2020 ജൂണിലാണ്‌ വ്യോമയാന മന്ത്രാലയത്തിന് അപേക്ഷ നൽകിയത്‌.

സാങ്കേതിക, സാമ്പത്തിക സാധ്യതാ പഠന റിപ്പോർട്ട് കഴിഞ്ഞവർഷം ജൂണിലും സമർപ്പിച്ചു. പിന്നാലെ സൈറ്റ് അനുമതിക്കുള്ള രേഖകളും കൈമാറി.

ഡി.ജി.സി.എയും എ.എ.ഐയും പ്രതിരോധ മന്ത്രാലയവും അനുമതി നൽകി. തുടർന്ന്, 150 കിലോമീറ്റർ പരിധിയിലുള്ള എല്ലാ വിമാനത്താവളങ്ങളുടെയും ആഘാതവിലയിരുത്തൽ നടത്താനും മൂന്നാംകക്ഷിയെ ഉൾപ്പെടുത്തി അവ പരിശോധിക്കാനും കെ.എസ്ഐ.ഡി.സിയോട് മന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു. പദ്ധതിപ്രദേശത്ത്‌ പരിസ്ഥിതി ആഘാതപഠനം തുടങ്ങിയിട്ടുണ്ട്‌.

3 ജില്ലയ്‌ക്ക്‌ കുതിപ്പാകും
ശബരിമല തീർഥാടകർക്ക്‌ പ്രയോജനകരമായ പദ്ധതി കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ സമ്പദ്‌ഘടനയ്‌ക്കും കുതിപ്പ്‌ പകരും.

2570 ഏക്കറിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന വിമാനത്താവളം സംസ്ഥാനപാത 59ന്‌ അരികിലാണ്‌. പമ്പയിൽനിന്ന്‌ 50 കിലോമീറ്ററും കോട്ടയം ടൗണിൽനിന്ന്‌ 40 കിലോമീറ്ററും മാത്രമാണ്‌ ദൂരം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!