സഹപാഠിക്ക് വീടുപണിയണം; പണം കണ്ടെത്താൻ കണിക്കൊന്ന ചാലഞ്ചുമായി വിദ്യാർഥികൾ

വേങ്ങര: സഹപാഠിക്ക് നിർമിച്ചുനൽകുന്ന രണ്ടാം സ്‌നേഹഭവനത്തിന്റെ നിർമാണത്തിന് പണംകണ്ടെത്താൻ കെ.എം.എച്ച്.എസ്.എസ്. കുറ്റൂർ നോർത്തിലെ നാഷണൽ സർവീസ് സ്‌കീം വൊളന്റിയർമാർ കണിക്കൊന്ന ചലഞ്ചുമായിറങ്ങി.
വിഷുവിന് കണിയൊരുക്കാനുള്ള കണിക്കൊന്ന നൽകി സംഭാവന സ്വീകരിച്ചാണ് കുട്ടികൾ ഇതിനായി കുറച്ച് പണംകണ്ടെത്തുന്നത്. ഇതിനായി ഇവർ തൊട്ടടുത്ത പ്രദേശങ്ങളിൽനിന്ന് പൂവ് ശേഖരിച്ച് വിഷുത്തലേന്ന് കുന്നുംപുറം അങ്ങാടിയിൽ വിറ്റഴിച്ചു.
ഇവർ ഇത്തരത്തിലുള്ള വിവിധ പ്രവർത്തനങ്ങൾ നടത്തി ആദ്യ സ്‌നേഹഭവനം കഴിഞ്ഞവർഷം സഹപാഠിക്ക് നിർമിച്ചു നൽകിയിരുന്നു. മൂന്ന് വീടുകളാണ് ഇവരുടെ ലക്ഷ്യം. പ്രോഗ്രാം ഓഫീസർ ജി. ശ്രീജിത്താണ് കുട്ടികൾക്കാവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നത്.