പഠനത്തോടൊപ്പം ജോലി ഉടൻ കേരളത്തിലും; വിദേശത്തേക്ക് വിദ്യാർഥികൾ പോകുന്നതിൽ ഉത്കണ്ഠ വേണ്ട: മുഖ്യമന്ത്രി

വിദേശ രാജ്യങ്ങളുടെ മാതൃകയിൽ പഠനത്തോടൊപ്പം ജോലി എന്ന ആശയം കേരളത്തിലും ഉടൻ യാഥാർഥ്യമാകുമെന്നും സർക്കാർതലത്തിൽ ഇതിനു നടപടി ആരംഭിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ.
ഉപരിപഠനത്തിനായി ധാരാളം വിദ്യാർഥികൾ വിദേശ രാജ്യങ്ങളിലേക്കു പോകുന്ന കാലമാണിത്. ഇക്കാര്യത്തിൽ ഉത്കണ്ഠയുടെ ആവശ്യമില്ല. ലോകത്തുണ്ടാകുന്ന മാറ്റങ്ങളുടെ ഭാഗമാണിത്.
ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസത്തിനായി വിദേശ വിദ്യാർഥികൾ വൈകാതെ കേരളത്തിലേക്കുമെത്തുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ സംവാദ പരിപാടി ‘നാം മുന്നോട്ട്’-ന്റെ പുതിയ എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പാണ് ‘നാം മുന്നോട്ട്’ പരിപാടി നിർമിക്കുന്നത്.
കേരളത്തിൽ നിന്നു നാലു ശതമാനത്തോളം വിദ്യാർഥികൾ ഓരോ വർഷവും ഉപരിപഠനത്തിനു വിദേശരാജ്യങ്ങളിലേക്കു പോകുന്നുവെന്നാണു കണക്കെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ നിരക്ക് ഇതിനേക്കാൾ കൂടുതലാണ്. ഇക്കാര്യത്തിൽ വലിയ ഉത്കണ്ഠ വേണ്ട. ലോകം കുട്ടികളുടെ കൈയിലാണ്.
ഉപരിപഠനത്തിന് എവിടെ പോകണമെന്നും ഏതു സ്ഥാപനത്തിൽ പഠിക്കണമെന്നുമൊക്കെ ചേറുപ്പം മുതലേ അവരുടെ മനസിലുണ്ട്.
മാറുന്ന കാലത്തിനനുസരിച്ചു കുട്ടികൾക്കു ലോകകാര്യങ്ങൾ അതിവേഗം ഉൾക്കൊള്ളാനും കഴിയുന്നുണ്ട്. അതിന്റെ ഭാഗമായി അവർ സംസ്ഥാനത്തിനു പുറത്തേക്കും രാജ്യത്തിനു പുറത്തേക്കുമൊക്കെ പഠനത്തിനും ജോലിക്കും പോകാൻ തത്പരരുമാണ്.
ഈയടുത്തു പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിൽ ഹരിയാന മുഖ്യമന്ത്രി ഉന്നയിച്ച മുഖ്യ പ്രശ്നം ആ സംസ്ഥാനത്തുനിന്നു ധാരാളമായി കുട്ടികൾ വിദേശത്തേക്കു പഠിക്കാൻ പോകുന്നുവെന്നതാണ്.
രാജ്യത്തെതന്നെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള ഡൽഹിയോടു ചേർന്നു കിടക്കുന്ന സംസ്ഥാനമാണു ഹരിയാനയെന്നോർക്കണം. ഈ പ്രവണതയെ കാലത്തിന്റെ പ്രത്യേകതയായിവേണം കാണാൻ – മുഖ്യമന്ത്രി പറഞ്ഞു.