തോട് മൂടി നീരൊഴുക്ക് തടസ്സപ്പെടുത്തിയ പ്രശ്നം; വിമർശിച്ച് ഹൈകോടതി

പാപ്പിനിശ്ശേരി: തുരുത്തിയിലെ തോട് മൂടി നീരൊഴുക്ക് തടസ്സപ്പെടുത്തിയ പ്രശ്നത്തിൽ ഹൈകോടതിയിൽ ദേശീയപാത അധികൃതർ മറുപടി നൽകിയില്ല. പ്രശ്നത്തിന് പരിഹാരംതേടി പാപ്പിനിശ്ശേരി പഞ്ചായത്താണ് ദേശീയപാത അധികൃതരെ എതിർകക്ഷിയാക്കി റിട്ട് ഹർജി നൽകിയത്.
തുടർന്ന് ദേശീയപാത അധികൃതർക്ക് കോടതി നോട്ടീസ് അയക്കുകയും പ്രശ്നം പരിഹരിക്കുന്നതിന് ബദൽ നിർദേശം നൽകാമെന്ന് ദേശീയ പാത അധികൃതർ പാപ്പിനിശ്ശേരി പഞ്ചായത്തിനെ നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ കാര്യത്തിൽ അധികൃതർ കോടതിയിൽ മറുപടി നൽകാതെ വിട്ടു നിന്നതോടെയാണ് കോടതിയുടെ വിമർശനം നേരിട്ടത്. ദേശീയപാത 66 നിർമാണത്തിന്റെ ഭാഗമായി പാപ്പിനിശ്ശേരി പഞ്ചായത്തിലെ വേളാപുരം -തുരുത്തി തോടാണ് വികസനത്തിനിടയിൽ പൂർണമായി മൂടിയത്.
തോട് മൂടിയതോടെ കാലവർഷകാലത്ത് പ്രദേശത്ത് വലിയ ദുരിതം മുന്നിൽ കണ്ടാണ് പാപ്പിനിശ്ശേരി പഞ്ചായത്ത് ഹൈകോടയിൽ റിട്ട് ഫയൽ ചെയ്തത്. കേസ് വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കും. നിലവിൽ നിർമിക്കുന്ന റോഡിനടിയിലൂടെ കലുങ്ക് നിർമിച്ച് തോടിന്റെ മറുഭാഗത്ത് ബന്ധിപ്പിക്കുമെന്നാണ് ദേശീയപാത അധികൃതർ പഞ്ചായത്തിനെ ധരിപ്പിച്ചത്.
എന്നാൽ ഇത്തരം നടപടി ശാസ്ത്രീയമല്ലെന്നും കൂടുതൽ സ്ഥലം ഏറ്റെടുത്ത് മികച്ച രീതിയിലുള്ള തോട് നിർമിക്കുകയാണ് വേണ്ടതെന്ന് പഞ്ചായത്ത് അധികൃതർ കോടതിയെ വീണ്ടും ധരിപ്പിച്ചു. വ്യാഴാഴ്ച കോടതി ഈ കാര്യം കൂടി പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് ഭരണസമിതി.