വാഹന ഉടമയ്ക്ക് ലൈസന്‍സില്ലെന്ന കാരണത്താല്‍ ഇന്‍ഷുറന്‍സ് നിഷേധിക്കാനാവില്ല; നിര്‍ണായക വിധി

Share our post

പ്രീമിയം സ്വീകരിച്ചശേഷം ലൈസന്‍സില്ലെന്ന കാരണത്താല്‍ ഇന്‍ഷുറന്‍സ് നിഷേധിക്കാനാവില്ലെന്ന് ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ വിധി. നിലമ്പൂര്‍ അമരമ്പലം സ്വദേശി ഏലിയാമ്മ ഫ്യൂച്ചര്‍ ജനറലി ഇന്‍ഷുറന്‍സ് കമ്പനിക്കെതിരേ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.

ഏലിയാമ്മയുടെ ഭര്‍ത്താവ് കുര്യന്‍ 2015 ഡിസംബറില്‍ ചോക്കാട് കല്ലാമൂലയില്‍വെച്ചുണ്ടായ അപകടത്തില്‍ മരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.

വാഹനമോടിച്ചത് ചെറുമകനായിരുന്നു. വാഹന ഉടമയ്ക്ക് പരിരക്ഷ നല്‍കുന്ന ഇന്‍ഷുറന്‍സ് പോളിസി എടുത്തിട്ടുണ്ടെങ്കിലും ഇന്‍ഷുറന്‍സ് തുക നല്‍കാന്‍ കമ്പനി തയ്യാറായില്ല. വാഹന ഉടമയ്ക്ക് ലൈസന്‍സില്ലെന്ന കാരണത്താല്‍ കമ്പനി തുക നിഷേധിച്ചു.

തുടര്‍ന്നാണ് ഭാര്യ ഏലിയാമ്മ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. വാഹന ഉടമയുടെയും കുടുംബത്തിന്റെയും പരിരക്ഷയാണ് ഓണര്‍ കം ഡ്രൈവര്‍ പോളിസിയുടെ ഉദ്ദേശ്യമെന്നിരിക്കെ പ്രീമിയം സ്വീകരിച്ചശേഷം ഇന്‍ഷുറന്‍സ് നിഷേധിക്കുന്നത് അനുചിതമായ നടപടിയാണെന്നും പരാതിക്കാരിക്ക് തുക നല്‍കണമെന്നും കമ്മിഷന്‍ ഉത്തരവിട്ടു.

ഒരു വാഹനത്തിന്റെ ഉടമയാകാന്‍ ഡ്രൈവിങ് ലൈസന്‍സ് നിര്‍ബന്ധമില്ല എന്നിരിക്കെ വാഹന ഉടമയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് ലൈസന്‍സ് വേണമെന്ന നിബന്ധനക്ക് അടിസ്ഥാനമില്ലെന്നും കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു.

പരാതിക്കാരിക്ക് രണ്ട് ലക്ഷം രൂപ ഹര്‍ജി തീയതി മുതല്‍ ഒമ്പത് ശതമാനം പലിശയോടെ നല്‍കണമെന്നും സേവനത്തില്‍ വീഴ്ച വരുത്തിയതിന് 25,000 രൂപയും കോടതിച്ചെലവായി 10,000 രൂപയും നല്‍കണമെന്നും കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവില്‍ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!