തളർന്നില്ല; കൃഷിയിൽ തളിരിട്ടു ജീവിതം

പാപ്പിനിശേരി: ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഓട്ടത്തിനിടയിൽ തൊഴിൽ പലതും ചെയ്‌തു. ഒടുവിൽകൃഷിയെ നെഞ്ചോട് ചേർത്ത് ജീവിതവിജയം നേടിയ കഥയാണ് കെ വി ദാമോദരന് പറയാനുള്ളത്. പാപ്പിനിശേരി ചിറ്റോത്തിടത്തെ അറുപത്തുനാലുകാരനായ ദാമോദരന് ഇരുപത് വർഷമായി കൃഷി ജീവിതതാളമാണ്. സമ്മിശ്ര കൃഷിയിലൂടെയാണ് ഇദ്ദേഹം നേട്ടമുണ്ടാക്കിയത്.
പത്താം ക്ലാസ് പഠനശേഷം ഹോട്ടൽ തൊഴിലാളിയായി. പിന്നീട് മാങ്ങാട് ബസാറിൽ രണ്ട് വർഷം ഹോട്ടൽ നടത്തി. കടം കയറി അത് പൂട്ടി. പിന്നെ ചെരുപ്പ് കട തുടങ്ങിയെങ്കിലും മൂന്നാം വർഷം താഴിട്ടു. സ്വന്തമായി ഹാൻഡ്‌ലൂം കമ്പനി ആരംഭിച്ചെങ്കിലും പച്ച പിടിച്ചില്ല. പിന്നെ വെസ്റ്റേൺ ഇന്ത്യയിൽ. പത്ത് വർഷത്തിനുശേഷം അവിടെനിന്ന് പടിയിറങ്ങി. ശ്രീകണ്ഠപുരത്ത് സ്റ്റേഷനറി കടകളിലൂടെ ജീവിതം മെച്ചപ്പെടുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
ഒമ്പത് വർഷത്തെ കച്ചവടം അവസാനിപ്പിച്ച് കാട്യത്ത് ഗ്രിൽസ് നിർമാണ സ്ഥാപനം ആരംഭിച്ചു. ഇതും അധികാലം നീണ്ടില്ല. ഭാര്യയും രണ്ട് മക്കളുമടങ്ങിയതാണ് കുടുംബം. ഇതിനിടയിലും മകളെ ബംഗളൂരുവിൽ ബിഎസ് സി നഴ്സിങ്ങിനും മകനെ ഇലക്ട്രിക്കൽ എൻജിനിയറിങ്ങിനും ചേർത്തു. ബാങ്കിൽനിന്ന് വായ്‌പയെടുത്താണ് പണം കണ്ടെത്തിയത്.
കടം കയറിയതോടെ കുടുംബ വിഹിതമായി കിട്ടിയ ആറ് സെന്റ് കൃഷിയിടം വിൽക്കാൻ പലരും സമ്മർദം ചെലുത്തി. ആകെയുള്ള മണ്ണ് വിൽക്കാൻ മനസ് വന്നില്ല. അവിടെ കൃഷി ചെയ്യാൻ തീരുമാനിച്ചു. ആദ്യം നെൽ കൃഷിയായിരുന്നു. പിന്നെ ആട്, കോഴി, പശു, എന്നിവയെ വളർത്തി.
എല്ലാ കൃഷിയും നൂറുമേനി നേട്ടം. മാസം 20,000 ത്തോളം വരുമാനം. പാട്ടത്തിന് നിലമെടുത്തും കൃഷിയിറക്കി. നെൽകൃഷി വാണിജ്യാടിസ്ഥാനത്തിലാക്കി. വാഴ, ചേന, കവുങ്ങ്, തെങ്ങ് എന്നിവയും പച്ചക്കറിയും വിളയിച്ചു. പല ബാങ്കിൽനിന്നുമെടുത്ത വായ്‌പയുൾപ്പെടെ ചേർത്ത് 74 സെന്റ് സ്ഥലം വിലയ്‌ക്ക് വാങ്ങി. അതിലും കൃഷി വ്യാപിപ്പിച്ചു. വിദ്യാഭ്യാസ വായ്‌പ ഉൾപ്പടെ ഉണ്ടായിരുന്ന 15 ലക്ഷം രൂപ കൃഷിയിൽനിന്നുള്ള വരുമാനത്തിലൂടെ അടച്ചുതീർത്തു.
പുലർച്ചെ മൂന്നരക്ക് എഴുന്നേറ്റ് ദാമോദരൻ കൃഷി പരിപാലനത്തിൽ ഏർപ്പെടും. നെൽകൃഷിയിലും പച്ചക്കറികൃഷിയിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മിക്ക സീസണിലും രണ്ട് വിളയിറക്കും. പത്ത് വർഷമായി കൃഷിയിടത്തിൽ കൂട്ടായി ബിഹാർ സ്വദേശി ഷാനവാസുമുണ്ട്.