ഗൃഹപ്രവേശത്തിനെത്തിയ കുട്ടിയെ ഓമനിക്കാനെന്ന മട്ടിൽ എടുത്ത് സ്വര്‍ണമാല കവര്‍ന്നു; യുവാവ് അറസ്റ്റില്‍

ചൊക്‌ളി: ഗൃഹപ്രവേശത്തിന് എത്തിയ നാലു വയസുകാരന്റെ രണ്ടു പവന്റെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ പെരിങ്ങത്തൂരിലെ കേളോത്ത് രവീഷിനെ (35) ചൊക്ലി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പി.പി. ഷമീലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തു.
ഗുരുജിമുക്കിനടുത്ത് താമസിക്കുന്ന രവീഷ് ബന്ധുവിന്റെ ഗൃഹപ്രവേശനച്ചടങ്ങില്‍ പങ്കെടുക്കാന്‍ പെരിങ്ങളം പ്രാഥമികാരോഗ്യ കേന്ദ്രത്തിനടുത്ത വീട്ടിലെത്തിയതായിരുന്നു.
അടുത്തവീട്ടിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ആസ്പത്രി ആവശ്യത്തിനെന്നവ്യാജേന നാദാപുരത്തെ കടയില്‍ വിറ്റ സ്വര്‍ണമാല പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഓടിക്കളിച്ചുകൊണ്ടിരിന്ന കുട്ടിയെ ഓമനിക്കാനെന്ന മട്ടില്‍ എടുത്ത രവീഷ് കുഞ്ഞിന്റെ കഴുത്തില്‍നിന്ന് മാല തന്ത്രപരമായി പൊട്ടിച്ചെടുക്കുകയായിരുന്നു. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.