കെ.എസ്.ആര്‍.ടി.സിയുടെ വഴിമുടക്കി ഓടി, പ്രൈവറ്റ് ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി എം.വി.ഡി.

പെരുമ്പാവൂര്‍: കെ.എസ്.ആര്‍.ടി. സി. ബസിന് മാര്‍ഗതടസ്സം സൃഷ്ടിക്കുകയും ഡ്രൈവറെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന പരാതിയില്‍ സ്വകാര്യ ബസിന്റെ ഫിറ്റ്നസ് മോട്ടോര്‍വാഹന വകുപ്പ് റദ്ദാക്കി.
സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസന്‍സ് വാങ്ങിവെയ്ക്കുകയും ജോ. ആര്‍.ടി.ഒ. ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
കെ.എസ്.ആര്‍.ടി.സി. ഡി.ടി.ഒ.യുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അലുവ-പെരുമ്പാവൂര്‍ റൂട്ടില്‍ ഓടുന്ന ‘ഐവാ’ സ്വകാര്യ ബസിന്റെ ഫിറ്റ്നസാണ് റദ്ദാക്കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍നടന്ന പരിശോധനയില്‍ ബസ് പലപ്പോഴും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതായി കണ്ടെത്തി. തുടര്‍ന്നാണ് ഫിറ്റ്നസ് റദ്ദാക്കിയത്.
ബസിന് വേഗപ്പൂട്ട് ഘടിപ്പിച്ചിട്ടില്ലെന്നും എയര്‍ഹോണ്‍ പ്രവര്‍ത്തിപ്പിക്കുന്നതായും കണ്ടെത്തി. അസി. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷിബു സുധാകരന്‍, അയ്യപ്പദാസ് എന്നിവര്‍ നേതൃത്വം നല്‍കി.
സമാനമായ പരാതിയില്‍ ഏതാനും സ്വകാര്യ ബസുകള്‍കൂടി നിരീക്ഷണത്തിലാണെന്നും നടപടിയുണ്ടാകുമെന്നും ജോ. ആര്‍.ടി.ഒ. എം.കെ. പ്രകാശ് അറിയിച്ചു.