സ്വത്ത് ഏറ്റവും കുറവുള്ള മുഖ്യമന്ത്രിമാർ പിണറായിയും മമതയും

ന്യൂഡൽഹി: രാജ്യത്തെ മുഖ്യമന്ത്രിമാരിൽ സ്വത്ത് ഏറ്റവും കുറവുള്ളവർ മമത ബാനർജിയും പിണറായി വിജയനും. മമതയ്‌ക്ക് 15.38 ലക്ഷവും പിണറായിക്ക് 1.18 കോടിയും മാത്രമാണ് ആസ്‌തി. പിണറായിയുടെ സ്വത്തിൽ 86 ലക്ഷവും വീടിന്റെയും സ്ഥലത്തിന്റെയും മൂല്യമാണ്.
31 ലക്ഷത്തിന്റെ ജംഗമ സ്വത്തുക്കളും. മമതയുടെ പേരിൽ വീടോ സ്ഥലമോ ഇല്ലെന്നും അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) റിപ്പോർട്ടിൽ പറഞ്ഞു.
ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രി 510 കോടി രൂപയുടെ ആസ്‌തിയുള്ള ആന്ധ്രപ്രദേശിലെ ജഗൻ മോഹൻ റെഡ്ഡിയാണ്. അരുണാചൽപ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന് 163 കോടിയും ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന് 63 കോടിയും ആസ്‌തിയുണ്ട്.
മുഖ്യമന്ത്രിമാരുടെ ശരാശരി സ്വത്ത് 33.96 കോടി രൂപയാണ്. ഏറ്റവും ഒടുവിലത്തെ തെരഞ്ഞെടുപ്പ് സത്യവാങ്‌മൂലങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് എഡിആർ അറിയിച്ചു.